ഇണ ചേരുന്നതോടെ ജീവൻ പോകും, അമ്പരപ്പിക്കുന്ന പ്രത്യേകതകൾ; മിന്നാമിനുങ്ങുകൾ കേരളം വിടാൻ കാരണമുണ്ട്

Wednesday 10 September 2025 11:03 AM IST

കൊച്ചി: വംശനാശ ഭീഷണിയിലാണെങ്കിലും കേരളത്തിൽ മിന്നാമിനുങ്ങുകൾ ഇല്ലാതായിട്ടില്ല. ഇരുട്ടും സമാധാനവും തേടി കൂട്ടത്തോടെ നാടുവിട്ടതാണ് കാരണം. രാത്രിയിൽ ലൈറ്റുകൾ നാട്ടിലെമ്പാടും തെളിച്ചിടുന്നത് ഒഴിവാക്കിയാൽ മിന്നാമിനുങ്ങുകൾ തിരികെയെത്തും. കൂരിരുട്ടുള്ള വനമേഖലകളിലും സമീപ പ്രദേശങ്ങളുമാണ് മിന്നാമിനുങ്ങുകളുടെ വിഹാരകേന്ദ്രങ്ങൾ.

സയൻസ് ഒഫ് ദി ടോട്ടൽ എൻവയൺമെന്റ് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മിന്നാമിനുങ്ങുകൾ വംശനാശ ഭീഷണിയിലാണെന്ന വിവരമുള്ളത്. ഏഷ്യൻ ഫയർഫ്ലൈ അസോസിയേഷന്റെ പഠനവും ശരിവയ്ക്കുന്നു

കേരളത്തിൽ അവ വലിയ ഭീഷണി നേരിടുന്നില്ല. ജീവിതചക്രത്തിന് ദോഷമാകുന്ന സാഹചര്യത്തെ അതിജീവിക്കാനുള്ള കൂടുമാറ്റമായിരുന്നു കേരളത്തിൽ കണ്ടത്.

വൈദ്യുത ലൈറ്റുകളാണ് മിന്നാമുനുങ്ങുകളുടെ ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും ഭീഷണി. കാലചക്രത്തിന്റെ ഒടുവിലെ 28 ദിവസങ്ങളിലാണ് മിന്നാമിനുങ്ങുകൾ ഇണചേരുന്നത്. ഇണയെ ആകർഷിക്കാനാണ് മിന്നിമിന്നിയുള്ള പറക്കൽ. ഗ്രാമങ്ങളിൽ പോലും രാത്രികാലങ്ങളിലെ ലൈറ്രുകളുടെ അതിപ്രസരം ഇണചേരലിനെ സാരമായി ബാധിച്ചു.

 ഇണചേരും കഥകഴിയും

ഇണചേരുന്നതോടെ ആൺ മിന്നാമിനുങ്ങും, ചതുപ്പുകളിൽ മുട്ടയിടുന്നതിന് പിന്നാലെ പെൺ മിന്നാമിനുങ്ങുകളും ചത്തുപോകും. 10 മുതൽ 14 ദിവസത്തിനകം മുട്ടവിരിയും. മണ്ണിരയെയും ചെറിയ ഒച്ചുകളെയും ഭക്ഷിച്ച് 150-200 ദിവസം ലാർവയായി ജീവിതം. ലാ‌ർവയുടെ വാലും ഇരുട്ടിൽ തിളങ്ങും. ശത്രുക്കളിൽ നിന്ന് രക്ഷനേടാനാണിത്. പ്യൂപ്പയായി കുറച്ചുനാൾ. പിന്നീട് 21 മുതൽ 28 ദിവസം വരെ ആകാശ ജീവിതം.

 2000 ഇനം വണ്ട് ഇനത്തിൽ ഉൾപ്പെടുന്ന കൊളിയോപ്‌ടെറ ജീവിവർഗത്തിൽ ലാംപിരിഡെ എന്ന കുടുംബത്തിലാണ് മിന്നാമിനുങ്ങുകൾ ഉൾപ്പെടുന്നത്. രാത്രികാലങ്ങളിൽ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ജീവിവർഗം. ലോകത്താകെ രണ്ടായിരത്തിലേറെ ഇനങ്ങളുണ്ടെന്നാണ് പഠനം

 മറ്റ് ഭീഷണികൾ

 അമിത രാസവള പ്രയോഗം

പുല്ലുകൾ വെട്ടിയൊതുക്കൽ

ഫയർഫ്ലൈ ടൂറിസം

പരിസ്ഥിതി മലിനീകരണം

വനനശീകരണം

കേരളത്തിൽ മിന്നാമിനുങ്ങുകളെക്കുറിച്ച് കാര്യമായ പഠനം നടന്നിട്ടില്ല. വംശനാശ ഭീഷണിയുണ്ടെങ്കിലും പൂർണമായി ഇല്ലാതായിട്ടില്ല.

ഡോ. സി. ബിജോയ്

അസി. പ്രൊഫ. സുവോളജി- ക്രൈസ്റ്റ് കോളേജ്

ഏഷ്യൻ ഫയ‌ർഫ്ലൈ അസോ. അംഗം