ചൈനയിലെ പൊതുയിടത്തിൽ ലാപ്‌ടോപ് വച്ച് അരമണിക്കൂർ മാറി നിന്നു; തിരിച്ചുവന്ന യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടി
സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. അവയിൽ ചിലത് എന്തെങ്കിലും തരത്തിലുള്ള ചലഞ്ചായിരിക്കാം. മറ്റുചിലത് എന്തെങ്കിലും കാര്യം പരീക്ഷിക്കുന്നതായിരിക്കാം. അത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ വീഡിയോയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.
പൊതുസ്ഥലത്തുവച്ച ലാപ്‌ടോപ്പ് ആരെങ്കിലും മോഷ്ടിക്കുമോ എന്നാണ് ടിഞ്ചോ എന്ന യുവാവ് പരീക്ഷിച്ചത്. ചൈനയിലെ ഒരു പൊതുയിടത്തിൽ ലാപ്‌ടോപ്പ് വച്ച് അരമണിക്കൂർ യുവാവ് മാറിനിന്നു. ടൈമർ ഓണാക്കിവച്ചു. ശേഷം കൃത്യം അരമണിക്കൂറായപ്പോൾ യുവാവ് ലാപ്‌ടോപ്പ് വച്ച സ്ഥലത്തേക്ക് വരികയാണ്. യുവാവ് അക്ഷരാർത്ഥത്തിൽ ഞെട്ടി. അവിടെ താൻ വച്ച അതേ പോലെതന്നെ ലാപ്‌ടോപ്പ് ഉണ്ട്, ആരും തൊട്ടുപോലും നോക്കിയിട്ടില്ലെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
ഫ്രാൻസിലാണ് യുവാവ് താമസിക്കുന്നത്. അവിടെ തിരിച്ചെത്തിയാൽ ഇങ്ങനെയൊരു കാര്യം ചിന്തിക്കാൻ പോലും പറ്റില്ലെന്ന് യുവാവ് പറയുന്നു. 'ചൈനയിലെ സുരക്ഷ വളരെ വ്യത്യസ്തമായി തോന്നുന്നു. ഇത് അശ്രദ്ധയെക്കുറിച്ചല്ല, മറിച്ച് രാജ്യത്തിന്റെ സാമൂഹിക മാനദണ്ഡങ്ങളും കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും നിരീക്ഷിക്കാനുള്ള ഒരു മാർഗമാണ്'- യുവാവ് പറഞ്ഞു. ഈ വീഡിയോ ഓൺലൈനിൽ വലിയൊരു ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി കാഴ്ചക്കാർ ഇതിന് കമന്റ് ചെയ്തിട്ടുണ്ട്. ചൈനയിൽ നിന്നുള്ള സമാനമായ ഒരനുഭവം സൗത്ത് ആഫ്രിക്കയിൽ നിന്നുള്ളയാൾ കമന്റ് ചെയ്തിട്ടുണ്ട്. 'എന്റെ പേഴ്സും ഫോണും ചൈനയിലെ ഒരു റസ്റ്റോറന്റിൽ മറന്നുവച്ചു. ഏകദേശം 10,000 ചൈനീസ് യുവാൻ പേഴ്സിൽ ഉണ്ടായിരുന്നു. ഞാൻ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനായിരുന്നു പോയത്. എട്ട് മണിക്കൂർ കഴിഞ്ഞാണ് പേഴ്സിന്റെ കാര്യം ഓർത്തത്. തിരിച്ചുപോയപ്പോൾ എല്ലാം അവിടെ ഉണ്ടായിരുന്നു. അതിനുശേഷം എനിക്ക് ബീജിംഗിനെയും ചൈനയെയും ഇഷ്ടമാണ്. അതെ പല ഏഷ്യൻ രാജ്യങ്ങളും അങ്ങനെയാണ്, സുരക്ഷിതമാണ്.'- എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.