'ശബരിമലയിൽ അഞ്ചിന്റെ  പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത'; ദേവസ്വം ബോർഡ് പ്രസിഡന്റ് 

Wednesday 10 September 2025 11:56 AM IST

പന്തളം: ആഗോള അയ്യപ്പ സംഗമത്തിനുള്ള ചെലവ് സ്‌പോൺസർഷിപ്പിലൂടെയും സിഎസ്ആർ ഫണ്ട് വഴിയും കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊട്ടാരം നിർവാഹസമിതിയുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ അഞ്ചിന്റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്ന ആവശ്യം കൊട്ടാരം പ്രതിനിധികൾ ഉന്നയിച്ചെന്നും അത് ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. യുവതി പ്രവേശനത്തെ എതിർത്തുകൊണ്ട് ഒരു സത്യവാങ്മൂലവും സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് നൽകിയിട്ടില്ല. അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്ത് നൽകിയത്. മാത്രമല്ല കഴിഞ്ഞ അഞ്ചുവർഷമായി ശബരിമലയിൽ എല്ലാ ആചാരങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം അടുത്താഴ്ച എടുക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി എംആർ സുരേഷ് വർമ്മ പറഞ്ഞു. ദേവസ്വം ബോർഡുമായി നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.