കെ സി വേണുഗോപാലിന്റെ മോതിരത്തിന് പിന്നാലെ സ്വർണമാലയും, സുജിത്തിന് കോൺഗ്രസിന്റെ സമ്മാനങ്ങൾ

Wednesday 10 September 2025 12:59 PM IST

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂര മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിന് വമ്പൻ സമ്മാനങ്ങളുമായി കോൺഗ്രസ് നേതാക്കൾ. കുന്നംകുളത്ത് കോൺഗ്രസിന്റെ ജനകീയ സദസിലാണ് സുജിത്തിന് വിവാഹസമ്മാനങ്ങൾ ലഭിച്ചത്. ഡിസിസി അദ്ധ്യക്ഷൻ ജോസഫ് ടാജറ്റ് തന്റെ കഴുത്തിലുള്ള മാല ഊരി സുജിത്തിന് നൽകി. മുൻപ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ സുജിത്തിന് സ്വർണമോതിരം സമ്മാനിച്ചിരുന്നു. അടുത്ത മാസം 15നാണ് സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

പരിപാടിക്കിടെ കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫാണ് കെ സി വേണുഗോപാൽ സുജിത്തിന് മോതിരം സമ്മാനിച്ചതായി പറഞ്ഞത്. സുജിത്തിന് ആശംസയും സ്‌നേഹവുമാണ് തനിക്ക് നൽകാനുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രഖ്യാപനമുണ്ടായത്. വേദിയിൽ വച്ചുതന്നെ സ്വർണമാല ഊരി അദ്ദേഹം സുജിത്തിന് നൽകുകയായിരുന്നു.

പൊലീസുകാരുടെ മർദ്ദനത്തിനിരയായ സംഭവത്തിൽ സുജിത്തിന് സഹായമായി നിൽക്കുകയും ദീർഘകാലം നിയമപോരാട്ടം നടത്തുകയും ചെയ്ത ബ്ളോക്ക് വൈസ് പ്രസിഡന്റ് വർഗീസിനെ ഡിസിസി എക്‌സിക്യൂട്ടീവ് അംഗമായി പ്രൊമോട്ട് ചെയ്തതായി ചടങ്ങിൽ പ്രഖ്യാപിച്ചു. കെപിസിസി അദ്ധ്യക്ഷനാണ് പ്രഖ്യാപനം നടത്തിയത്. കുന്നംകുളത്തെ പൊലീസ് മർദ്ദനം കോൺഗ്രസ് ഏറ്റെടുത്ത് നിയമസഭയിൽ ഉന്നയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. സുജിത്തിനെ മർദ്ദിച്ച പൊലീസുകാരുടെ 20 ലക്ഷത്തിന്റെ ഓഫർ അവിടെ ഇരിക്കട്ടെ. കോടതി വഴി നഷ്ടപരിഹാരം നൽകാൻ അത് ഉപകരിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.