കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി; കത്ത് വന്നത് മാവോയിസ്റ്റ് ചീഫിന്റെ പേരിൽ
തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷന് മാവോയിസ്റ്റ് ഭീഷണി. മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്നാണ് കത്തിലെ ആഹ്വാനം.
ഇന്ന് രാവിലെയാണ് കത്ത് ലഭിച്ചത്. സംസ്ഥാനത്തെ ഒട്ടനവധി കാർഷിക പ്രശ്‌നങ്ങൾ, സമകാലിക സംഭവങ്ങൾ, പൊലീസിനും സർക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്. കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കത്തയച്ചത് പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമാനമായ രീതിയിൽ മുമ്പും കത്തയച്ചിട്ടുള്ളതിനാൽ ഇയാൾക്കെതിരെ വയനാട്ടിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന കാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുക്കാനും ചോദ്യം ചെയ്യാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.