സുവർണതീരം പച്ചത്തുരുത്തിന് ജില്ലയിൽ ഒന്നാം സ്ഥാനം
കെ.കെ. രത്‌നൻ വൈപ്പിൻ: മുനമ്പം മുസരീസ് ബീച്ചിൽ ഒരുക്കിയ സുവർണതീരത്തെ ജില്ലയിലെ മികച്ച പച്ചത്തുരുത്തായി തിരഞ്ഞെടുത്തു. 30 ഇനങ്ങളിലായി 300 ഓളം ഫലവൃക്ഷങ്ങളും വള്ളിച്ചെടികളും മുളങ്കൂട്ടങ്ങളും ഇടതൂർന്ന് നിൽക്കുന്ന ആവാസ വ്യവസ്ഥയാണ് ഇവിടെയുള്ളത്. പ്രതികൂല സാഹചര്യത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്താണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഇത് നടപ്പാക്കിയത്. നനയ്ക്കാനുള്ള വെള്ളം വളരെ അകലെ നിന്ന് കൊണ്ടുവരണമായിരുന്നു. പൂഴിമണലിൽ സസ്യങ്ങൾ വളർത്താനുള്ള ശ്രമവും വലിയ കടമ്പയായിരുന്നു. തൊഴിലുറപ്പുകാരുടെ വിശ്രമമില്ലാത്ത അദ്ധ്വാനം, പരിസ്ഥിതി സ്‌നേഹികളുടെ പ്രയത്നം, ബീച്ചിൽ ക്രിക്കറ്റ് കളിക്കാനെത്തുന്ന ചെറുപ്പക്കാരുടെ സഹായം എന്നിവയൊക്കെ ഒത്തുചേർന്നതോടെയാണ് ഇവിടം മനോഹരമായ പച്ചത്തുരുത്തായി മാറിയത്. പൊതുവിഭാഗം, ദേവഹരിതം, കലാലയങ്ങൾ, വിദ്യാലയങ്ങൾ, കാവുകൾ, മുളങ്കാടുകൾ, കണ്ടൽ തുടങ്ങിയ ഇനങ്ങളിലായാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. ഇവയിൽ പൊതു വിഭാഗത്തിലാണ് മുനമ്പം സുവർണതീരം ഒന്നാം സ്ഥാനം നേടിയത്. പെട്രോനൈറ്റ് എൽ.എൻ.ജിയുടെ സാമ്പത്തിക സഹായത്തോടെ ഹരിത ടൂറിസത്തിന്റെ ഭാഗമായി നടപ്പാക്കിയ ബട്ടർഫ്‌ളൈ പാർക്കും പുതിയ പച്ചത്തുരുത്തും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.
വളരെയധികം വികസന സാദ്ധ്യതയുള്ള മുനമ്പം ബീച്ചിൽ പുതിയ സംരംഭങ്ങൾ കൂടി കടന്നു വരേണ്ടതുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഉണർന്ന് പ്രവർത്തിച്ചാൽ നല്ലൊരു വിനോദ സഞ്ചാര കേന്ദ്രമായി ഇവിടം വളർത്താൻ കഴിയും. ഓസോൺ ദിനമായ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സ്വീകരിക്കും
എം.കെ. ദേവരാജൻ
ജില്ലാ റിസോഴ്‌സ് പേഴ്‌സൺ
ഹരിതകേരളം മിഷൻ
സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിൽ ലഭ്യമായ ഭൂമിയിൽ ചെറുവൃക്ഷക്കൂട്ടങ്ങൾ ഒരുക്കുകയാണ് ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി. കാർബൺ ബഹിർഗമനത്തെ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരം പോത്തൻകോട് ഗ്രാമത്തിൽ 2019 ലെ പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രിയാണ് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തത്.
3700 ഇടങ്ങളിലായി ആയിരത്തിയഞ്ഞൂറിലധികം ഏക്കർ വിസ്തൃതിയിൽ പച്ചത്തുരുത്തുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.