കിഫ്ബിയിൽ ഓഡിറ്റ് വേണ്ടെന്ന സർക്കാർ നിലപാട് സംശയകരം: ഉമ്മൻചാണ്ടി
തിരുവനന്തപുരം: കിഫ്ബിയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് വേണ്ടെന്ന് വയ്ക്കുന്ന സർക്കാർ നിലപാട് സംശയകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ 56-ാം വാർഷിക സമ്മേളനം അദ്ധ്യാപകഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഡിറ്റുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് സർക്കാർ എന്ത് കൊണ്ട് കൃത്യമായി മറുപടി പറയുന്നില്ല. ഓഡിറ്റ് എതിർക്കുന്നതിന് പിന്നിൽ അഴിമതി സംശയിക്കേണ്ടിയിരിക്കുന്നു. ഓഡിറ്റിനെ സർക്കാർ ഭയക്കുകയാണ്. ഇടതുപക്ഷം അധികാരത്തിൽ വരുമ്പോഴൊക്കെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സംസ്ഥാനത്തിന്റെ കടബാദ്ധ്യത ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നുവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പ്രസിഡന്റ് എൻ. ഗോപകുമാർ അദ്ധ്യക്ഷനായി. എം.എൽ.എ മാരായ കെ.സി ജോസഫ്, എം. വിൻസെന്റ്, കെ.എസ് ശബരീനാഥൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ, പി.സി വിഷ്ണുനാഥ്, സൂര്യനാരായണൻ, എം.എസ് മോഹന ചന്ദ്രൻ, എസ്. പ്രദീപ് കുമാർ, എ. നൗഷാദ്, എം.എസ് ജ്യോതിഷ്, വി.എസ് പ്രതിഭ, സി. ജലജകുമാരി തുടങ്ങിയവർ സംസാരിച്ചു.