ശബരിമലയിലെ സ്വർണപ്പാളികൾ ചെന്നൈയിലേയ്ക്ക് കൊണ്ടുപോയ സംഭവം; ദേവസ്വം ബോർഡിന് കനത്ത തിരിച്ചടി
പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളികൾ ഇളക്കിയതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണപ്പാളികൾ തിരികെയെത്തിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കോടതിയുടെ അനുമതിയില്ലാതെ ഇളക്കിയെന്ന് ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണപ്പണികൾ നടത്താവൂ എന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദ്ദേശം. ഇത് പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് കോടതിയുടെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
ശില്പങ്ങളിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾക്ക് കേടുപാടുള്ളതിനാൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതാണെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞത്. തന്ത്രിയുടെ അനുമതിയും അനുജ്ഞയും വാങ്ങിയിട്ടുണ്ട്. ഇതിന് സ്പെഷ്യൽ കമ്മിഷണറുടെ അനുമതി വേണ്ട. ശബരിമല അസി.എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസൻ, തിരുവാഭരണം സ്പെഷ്യൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ്.ഐ. രാഖേഷ്, വിജിലൻസിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, ദേവസ്വം സ്മിത്ത്, രണ്ട് ദേവസ്വം ഗാർഡുമാർ, സ്വർണപ്പാളികൾ വഴിപാടായി സമർപ്പിച്ച സ്പോൺസറുടെ പ്രതിനിധി എന്നിവരാണ് ചെന്നൈയിലേക്ക് പോയത്. സുരക്ഷിത വാഹനത്തിലാണ് യാത്രയെന്നും പ്രസിഡന്റ് പറഞ്ഞിരുന്നു.
2023 മുതൽ ദ്വാരപാലകരുടേയും സോപാനപടികളുടേയും വാതിലുകളുടെയും അറ്റകുറ്റപ്പണികൾ നടത്തണമെന്ന് താന്ത്രിക നിർദ്ദേശത്തെതുടർന്ന് വാതിലുകളുടെ പണികൾ നടത്തിയിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും നിറംമങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന താന്ത്രികനിർദ്ദേശം വീണ്ടും ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഓണം പൂജകൾ കഴിഞ്ഞ് നടയടക്കുന്ന ദിവസം കൊണ്ടുപോകാൻ അനുമതി നൽകിയത്. കന്നിമാസം മൂന്നാം തീയതി ശുദ്ധിക്രിയകൾ നടത്തി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. മറ്റ് പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പി.എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.