കൊള്ളപ്പലിശക്കാരെ പൂട്ടാൻ ഓപ്പറേഷൻ 'ഷൈലോക്ക്' തുടരും

Thursday 11 September 2025 12:44 AM IST

കൊച്ചി: ജില്ലയാകെ കളംപിടിച്ച തട്ടിക്കൂട്ട് പണമിടപാട് സ്ഥാപങ്ങളെയും കൊള്ളപ്പലിശക്കാരെയും കെട്ടുകെട്ടിക്കാനുള്ള പൊലീസിന്റെ ഓപ്പറേഷൻ ഷൈലോക്ക് തുടരും. ഒറ്റദിവസത്തെ മിന്നൽ പരിശോധന പ്രതീക്ഷിച്ചതിലും അധികം ഫലമുണ്ടായെന്നാണ് വിലയിരുത്തൽ. ഓപ്പറേഷൻ കുബേര മരവിച്ചതോടെയാണ് വട്ടിപ്പലിശക്കാർ തലപൊക്കി വിലസാൻ തുടങ്ങിയത്. പലിശ പണമിടപാടുകാരനായ മുൻ പൊലീസുകാരന്റെ ഭീഷണിയിൽ പറവൂരിൽ വീട്ടമ്മ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തോടെ ഓപ്പറേഷൻ കുബേര നിർജീവമായത് വീണ്ടും ചർച്ചയായി. കുബേര ഫ്രീസറിലായത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

മാദ്ധ്യമ റിപ്പോർട്ടുകൾകൂടി കണക്കിലെടുത്താണ് ഓപ്പറേഷൻ ഷൈലോക്കുമായി പൊലീസ് കളത്തിലിറങ്ങിയത്.

എറണാകുളം റേഞ്ചിൽ രജിസ്റ്റർ ചെയ്തത് 20 കേസുകൾ

കോട്ടയം 7

ഇടുക്കി 5

എറണാകുളം റൂറൽ 4

ആലപ്പുഴ 4

എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി.ഐ.ജി എസ്. സതീഷ് ബിനോയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത് 298 ഇടങ്ങളിൽ

പിടിച്ചെടുത്തത്

39 ലക്ഷത്തോളം രൂപ

26 വാഹനങ്ങൾ

62 മുദ്രപ്പത്രങ്ങൾ

8 പ്രോമിസറിനോട്ടുകൾ

86 ആർ.സി ബുക്കുകൾ

17 ആധാരങ്ങൾ

 കൊച്ചി നിരീക്ഷണത്തിൽ

കൊച്ചി നഗരത്തിൽ നടന്ന പരിശോധനയിൽ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും നിരവധിപ്പേർ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറയുന്നു. 2014ലെ ഓപ്പറേഷൻ കുബേരയിൽ ഏറ്റവും കൂടുതൽ കേസുകളുണ്ടായത് പാലക്കാടായിരുന്നെങ്കിലും കൂടുതൽ പണം പിടികൂടിയത് എറണാകുളത്ത് നിന്നായിരുന്നു. നഗരത്തിൽ മാസപ്പലിശയ്ക്ക് പുറമേ ആഴ്ചപ്പിരിവായാണ് പണം നൽകുന്നത്. തിരിച്ചടവിന് കാലതാമസം വന്നാൽ ഫോൺവിളിയും ഭീഷണിയുമാണ് ഇവരുടെ രീതി. ഭയംമൂലം പലരും പരാതിപ്പെടാനും മടിക്കുകയാണ്.

 അടവുകൾ പലത് ഇലക്ട്രിക് പോസ്റ്റുകളിലും മതിലുകളിലും പോസ്റ്റർ പതിച്ചാണ് ഇത്തരക്കാർ ആളുകളെ ആകർഷിക്കുന്നത്. കുറഞ്ഞ പലിശയെന്നാണ് വാഗ്ദാനമെങ്കിലും കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. ഒരു വായ്‌പ ഒഴിവാക്കാൻ കുറഞ്ഞ പലിശയെന്ന വാഗ്ദാനത്തിൽ വീണ് മറ്റൊന്ന് എടുക്കേണ്ടി വന്നവർ നിരവധിയാണ്.

 ലക്ഷ്യമിടുന്നത് സ്ത്രീകളെ സ്ത്രീകളെ ലക്ഷ്യംവച്ചാണ് ഭൂരിഭാഗം വട്ടിപ്പലിശക്കാരും പണമിടപാട് സ്ഥാപനങ്ങളും വായ്‌പ നൽകുന്നത്. ഗ്രൂപ്പുകൾ തിരിച്ചാണ് പണം കൈമാറ്റം. മുടക്കം വരാതെ അടയ്ക്കാമെന്ന ഉറപ്പും എഴുതിവാങ്ങും. ഗ്രൂപ്പിലുള്ള ഒരാളുടെ വീടാണ് കളക്ഷൻ സെന്ററായി തിരഞ്ഞെടുക്കുന്നത്. ഒരാൾ പണം അടയ്ക്കാതായാൽ ബാക്കിയുള്ളവർ ചേർന്ന് അടയ്ക്കണം. അടവ് മുടങ്ങിയാൽ പിന്നെ സമ്മർദ്ദമാണ്. ഫോൺവിളിയാണ് ആദ്യം. പിന്നീട് നിരന്തരം വീടുകളിൽ കയറി ഇറങ്ങുകയും ചെയ്യും.