എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനത്തിന് സർക്കാരിന്റെ പ്രവേശന പരീക്ഷ?, ഫേസ്‌ബുക്ക്പോസ്റ്റ് നിമിഷങ്ങൾക്കകം പിൻവലിച്ച് മന്ത്രി

Wednesday 10 September 2025 7:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്‌കൂളുകളിൽ നിയമനാധികാരം മാനേജ്‌മെന്റിനാണെങ്കിലും അപ്പോയ്‌മെന്റിന് മുൻപ് പ്രവേശന ടെസ്റ്റ് നടത്തുന്നത് സർക്കാർ പരിഗണിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി. ഫേസ്‌ബുക്കിൽ ഇക്കാര്യം അറിയിച്ചുള്ള കുറിപ്പ് എന്നാൽ അൽപനേരത്തിന് ശേഷം പിൻവലിച്ചു. സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താൻ ഈ നടപടിയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വി ശിവൻകുട്ടി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

'സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്‌മെന്റുകൾക്ക് ആണെങ്കിലും അപ്പോയ്‌മെന്റിന് മുമ്പ് ഒരു പ്രവേശന ടെസ്റ്റ് നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഒരോ കുട്ടിയ്ക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പ് വരുത്താൻ ഈ നടപടിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്'. പിൻവലിച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത് ഇങ്ങനെ.

എയ്‌ഡഡ് സ്‌കൂളുകളിലെ സ്‌കൂൾ മാനേജർമാർ അദ്ധ്യാപകരുടെ കാര്യത്തിൽ അൽപംകൂടി ശ്രദ്ധ പുലർത്തണമെന്ന് നേരത്തെ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. എയ്‌ഡഡ് സ്‌കൂളുകളിലെ ടീച്ചർമാർക്ക് വീട്ടുജോലിയ്‌ക്ക് കൂടി പോകേണ്ട അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ മാനേജ്‌മെന്റുകൾ കമ്മിറ്റികൾ ആരംഭിക്കണമെന്നും സർക്കാർ പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഒരു കുട്ടി ക്ളാസിൽ പരാജയപ്പെട്ടാൽ അതിന് ആദ്യ ഉത്തരവാദിത്വം അദ്ധ്യാപകനാണെന്ന് മന്ത്രി പറഞ്ഞിരുന്നു. അദ്ധ്യാപക അവാർഡ് അടുത്തവർഷം മുതൽ 25,​000 രൂപയായി ഉയർത്തുമെന്നും വി ശിവൻകുട്ടി അറിയിച്ചു.