ക്ഷീരസംഗമത്തിന് ഹലാൽ ബിരിയാണി: ബി.ജെ.പി - സി.പി.ഐ പോര്

Thursday 11 September 2025 12:08 AM IST
ജില്ലാ ക്ഷീരകർഷക സംഗമത്തിന് 'ഹലാൽ ' ചിക്കൻ ബിരിയാണി തന്നെ വേണമെന്ന ജില്ല ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച്

കൊച്ചി: ജില്ലാ ക്ഷീരകർഷക സംഗമത്തിന്റെ ടെൻഡർ നോട്ടീസിൽ 'ഹലാൽ" ചിക്കൻ ബിരിയാണി ഉൾപ്പെടുത്തിയത് വിവാദമായതോടെ പിൻവലിച്ചു. അടുത്തമാസം മൂന്നിലെ പരിപാടിയിൽ ഉച്ചയ്ക്കാണ് 400 ചിക്കൻ ബിരിയാണി ഉൾപ്പെടുത്തിയിരുന്നത്. പുതുക്കിയ ടെൻഡറിൽ മൂന്നിലെ ഉച്ചഭക്ഷണത്തെക്കുറിച്ച് പരാമർശമില്ല.

പെരുമ്പാവൂർ പോഞ്ഞാശേരിയിൽ 3, 4 തീയതികളിലാണ് ക്ഷീരസംഗമം. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ് ടെൻഡർ വിളിച്ചത്.

ടെൻഡർ നിർദ്ദേശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു അദ്ധ്യക്ഷനായി. ഭാരവാഹികളായ ശ്രീക്കുട്ടൻ തുണ്ടത്തിൽ, പ്രസ്റ്റി പ്രസന്നൻ, കെ. ബിനുമോൻ, ശിവകുമാർ കമ്മത്ത്, കെ.കെ. വേലായുധൻ തുടങ്ങിയവർ പ്രസംഗിച്ചു.

നുണപ്രചാരണം: സി.പി.ഐ

ക്ഷീരകർഷക സംഗമത്തിന്റെ പേരിൽ നുണപ്രചാരണം നടത്തി ബി.ജെ.പി സാമുദായിക സ്പർദ്ധക്ക് ശ്രമിക്കുകയാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ആരോപിച്ചു. ടെൻഡറിൽ ഹലാൽ ഉൾപ്പെടുത്തിയിട്ടില്ല. സംഘപരിവാറിന്റെ അപകടകരമായ പ്രവണത എറണാകുളത്തും വ്യക്തമാവുകയാണ്. ഭക്ഷണത്തിന്റെ പേരിൽ വരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കലാപമുണ്ടാക്കാനുമാണ് ശ്രമിക്കുന്നത്. ബി.ജെ.പിയെ മതേതര വിശ്വാസികൾ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.