ഐ.ഐ.പി.ഡി ലോകത്തിനു മുന്നിലെ കേരളത്തിന്റെ മഹാപ്രസ്ഥാനം: അടൂർ ഗോപാലകൃഷ്ണൻ
നീലേശ്വരം: ലോകത്തിന് മുന്നിൽ നമ്മുടെ നാട് അവതരിപ്പിക്കുന്ന ഒരു മാതൃക പ്രസ്ഥാനമാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസബിലിറ്റീസെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരം ഡിഫറന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ മടിക്കൈയിൽ ലോകോത്തര മാതൃകയിൽ ഉയർന്നു വരുന്ന ഐ.ഐ.പി.ഡിയുടെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.ഐ.പി.ഡിയുടെ വിജയം സമൂഹത്തിന്റെ സാംസ്‌കാരികവും മാനുഷികവുമായ പുരോഗതിക്ക് നിർണ്ണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഥാകൃത്ത് ടി. പദ്മനാഭൻ, പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന ഡി.എ.സി എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന്റെ നിശ്ചയദാർഢ്യത്തെ അഭിനന്ദിച്ചു.
'അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ' എന്ന കുമാരനാശാന്റെ വാക്കുകൾ ജീവിതത്തിൽ പകർത്തി കാണിക്കുന്ന വ്യക്തിയാണ് മുതുകാട്. അദ്ദേഹം ഏറ്റെടുത്ത കാര്യം പൂർത്തിയാകാതെ നിന്നിട്ടില്ല. തന്റെ കാലം കഴിയുന്നതിനുമുമ്പ് തന്നെ ഈയൊരു ബൃഹദ്പദ്ധതി സഫലമായി കാണുവാൻ കഴിയുമെന്ന ദൃഢവിശ്വാസമുണ്ടെന്നും അതിന് സാദ്ധ്യമാക്കുന്ന രണ്ട് വ്യക്തിത്വങ്ങളാണ് ഇതിന് ചുക്കാൻ പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വാങ്ങാൻ സംഭാവന ചെയ്ത അന്തരിച്ച പ്രൊഫ. എം.കെ ലൂക്കയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഐ.ഐ.പി.ഡിയുടെ നിർമ്മാണം നടത്തുന്നത് ഊരാളുങ്കൽ സൊസൈറ്റിയാണ്. എഗ്രിമെന്റും ആദ്യഗഡുവും മുതുകാട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് കൈമാറി. ഡി.എ.സി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ജിജി തോംസൺ അദ്ധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ദാമോദർ ആർക്കിടെക്ട് സി.ഇ.ഒ കെ. ദാമോദരൻ, മനോജ് ഒറ്റപ്പാലം, തങ്കമ്മ, ശശീന്ദ്രൻ മടിക്കൈ തുടങ്ങിയവർ പങ്കെടുത്തു. ഡബ്ല്യു.എച്ച്.ഒ ഇന്ത്യൻ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ പദ്ധതി വിശദീകരണം നടത്തി. തിരുവനന്തപുരം ഡി.എ.സിയുടെ മാതൃകയിൽ അന്തർദ്ദേശീയ നിലവാരത്തിലുള്ള കലാകായിക പരിശീലന സംവിധാനങ്ങൾ, അത്യാധുനിക തെറാപ്പി സൗകര്യങ്ങൾ, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് യൂണിറ്റുകൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, മെഡിക്കൽ സൗകര്യങ്ങൾ, ട്രെയിനിംഗ് സെന്ററുകൾ തുടങ്ങി വിപുലീകരിച്ച സംവിധാനങ്ങൾ ഇവിടെ ഉണ്ടാകും.