തകർത്തടുക്കി ഇന്ത്യൻ ബൗളിംഗ്, കുൽദീപിന് നാല് വിക്കറ്റ്, യുഎഇ വെറും 57 റൺസിന് ഓൾഔട്ട്

Wednesday 10 September 2025 9:40 PM IST

ദുബായ്: ആതിഥേയരായ യുഎഇയെ തകർത്തടുക്കി ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് നിര. ബുംറ മുന്നിൽനിന്ന് വിക്കറ്റ്‌വേട്ടയ്‌ക്ക് തുടക്കമിട്ടപ്പോൾ സ്‌പിന്നർ കുൽദീപ് യാദവ്, ശിവം ദുബെ എന്നിവർ നാലും മൂന്നും വിക്കറ്റുകൾ നേടി യുഎഇയുടെ തകർച്ച പൂർണമാക്കി. 13.1 ഓവറിൽ വെറും 57 റൺസിന് യുഎഇ ഓൾഔട്ടായി. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങിയാണ് കുൽദീപ് നാല് വിക്കറ്റുകൾ വീഴ്‌ത്തിയത്.

ശിവം ദുബെ രണ്ട് ഓവറിൽ നാല് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ നേടി. യുഎഇയ്‌ക്ക് വേണ്ടി മികച്ച തുടക്കം കുറിച്ച അലിഷാൻ ഷറഫു (22) ആണ് ടോപ്‌ സ്കോറർ. സഹ ഓപ്പണറും നായകനുമായ മുഹമ്മദ് വാസിം 19 റൺസ് നേടി. കുൽദീപിനും ദുബെയ്‌ക്കും പുറമെ ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യയ്‌ക്ക് നിലവിൽ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.