കണ്ണൂരിലുണ്ട്, നീലിക്ക് പവർ കിട്ടിയ ഗുഹ
കണ്ണൂർ: 'ലോക'യിലെ നായിക ചന്ദ്രയ്ക്ക് (കള്ളിയങ്കാട്ട് നീലി) അമാനുഷികശക്തി കിട്ടുന്നത് രഹസ്യഗുഹയിൽ വച്ചാണ്. കണ്ണൂരിലെ പയ്യാവൂർ കുഞ്ഞിപ്പറമ്പിലെ ഈ ഗുഹയും ഇപ്പോൾ ട്രെൻഡിംഗാണ്.
പയ്യാവൂർ സ്വദേശി പി. ഉമ്മറിന്റെ റബ്ബർ തോട്ടത്തിലാണ് 500 മീറ്ററോളം നീളമുള്ള ഗുഹ. സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞ് ഗുഹ കാണാൻ ആൾക്കാർ ഒട്ടേറെ എത്തുന്നുണ്ട്. പക്ഷേ മഴയിൽ പ്രവേശന കവാടം മണ്ണിടിഞ്ഞ് മൂടിയതുകാരണം ഉള്ളിൽ പ്രവേശിക്കാനാവുന്നില്ല. ആൾ സഞ്ചാരമില്ലാത്തതിനാൽ ഗുഹയിൽ ഇപ്പോൾ നിറയെ വവ്വാലുകളാണ്.
സ്ഥലമുടമ വിട്ടുനൽകിയാൽ കവാടത്തിലെ തടസ്സം നീക്കാനും നവീകരിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കാനും ആലോചിക്കുകയാണ് പയ്യാവൂർ പഞ്ചായത്ത്. കണ്ണൂർ ടൗണിൽ നിന്ന് 46 കിലോമീറ്റർ സഞ്ചരിച്ചാൽ ഗുഹയിലെത്താം.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയിലെ ഫ്ളാഷ്ബാക്ക് സീനിലാണ് ഗുഹയുടെ ഉൾവശം കാണിക്കുന്നത്. കഴിഞ്ഞവർഷം ഡിസംബറിലാണ് ഗുഹയിലെ രംഗങ്ങൾ ചിത്രീകരിച്ചത്. ഐതിഹ്യമാല ആസ്പദമാക്കി നിർമ്മിച്ച കുമാരി എന്ന ഫാന്റസി ചിത്രവും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
റീലുകളിലും വ്ലോഗിലും ഗുഹ ഇടം പിടിച്ചിട്ടുണ്ട്. വേനലവധിക്കും മറ്റും കുടുംബസമേതം നാട്ടുകാർ ഗുഹ കാണാൻ വരാറുണ്ട്. എന്നാൽ, മഴക്കാലത്ത് പ്രവേശനം ബുദ്ധിമുട്ടാണ്.
സൂര്യൻ ഊഴ്ന്നിറങ്ങും
മിനി ഗുണാ കേവ്
1 പ്രദേശവാസികൾ മിനി ഗുണാ കേവ് എന്നാണ് വിളിക്കുന്നത്. 150 മീറ്റർ ഉള്ളിലെത്തിയാൽ മുകളിലെ വലിയ ദ്വാരത്തിലൂടെ സൂര്യപ്രകാശം പതിക്കുന്ന അപൂർവ കാഴ്ച
2 ഉയരം 15 മീറ്റർ വരെയുണ്ടെങ്കിലും ചില ഭാഗങ്ങളിൽ അത് ഒരു മീറ്ററായി കുറയുന്നു. ഈ ഭാഗത്ത് കാൽമുട്ടിൽ ഇഴഞ്ഞേ മുന്നോട്ടുപോകാനാകൂ
നീളം
500 മീറ്റർ
ഗുഹ വിനോദസഞ്ചാര കേന്ദ്രമാക്കാൻ സ്ഥലമുടമ തയ്യാറെങ്കിൽ ലൈസൻസ് നൽകാൻ പഞ്ചായത്ത് ഒരുക്കം
സജു സേവ്യർ,
പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്