 മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ: ഏഴ് വീടുകളുടെ വാർപ്പ് കഴിഞ്ഞു

Thursday 11 September 2025 12:23 AM IST
ക​ൽ​പ്പ​റ്റ​ ​എ​ൽ​സ്റ്റ​ൺ​ ​എ​സ്റ്റേ​റ്റി​ൽ​ ​നി​ർ​മ്മാ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ഉ​രു​ൾ​ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള​ ​വീടുകൾ

കൽപ്പറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപ്പറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വീടുകളിൽ ഏഴെണ്ണത്തിന്റെ വാർപ്പ് കഴിഞ്ഞു. ഏൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ച് സോണുകളിലായി നിർമ്മിക്കുന്ന 410 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണിലെ നിർമ്മാണമാണ് പുരോഗമിക്കുന്നത്.

ആദ്യസോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകളാണ് നിർമ്മിക്കുന്നത്. 200 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിരുകൾ നിശ്ചയിച്ചു.

ടൗൺഷിപ്പിലൂടെയുള്ള കെ.എസ്.ഇ.ബിയുടെ ട്രാൻസ്മിഷൻ ലൈൻ മാറ്റി സ്ഥാപിക്കാൻ നാല് പ്രധാന ടവറുകളുടെ പ്രവൃത്തികളും ഏൽസ്റ്റണിൽ ആരംഭിച്ചു. സബ്‌സ്റ്റേഷനായി ടൗൺഷിപ്പിനോട് അനുബന്ധമായി 2.35 ഏക്കർ കണ്ടെത്താനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.