'കുംഭമേള നടത്താമെങ്കിൽ അയ്യപ്പസംഗമം ആയിക്കൂടേ'
കൊച്ചി: കുംഭമേള നടത്താമെങ്കിൽ അയ്യപ്പ സംഗമവും ആയിക്കൂടേ എന്നാണ് സർക്കാർ ചോദിക്കുന്നതെന്ന് ഹൈക്കോടതി. അവിടെ 7000 കോടി രൂപയാണ് ചെലവഴിച്ചത്. ഇവിടെ നാല് കോടി മാത്രമല്ലേയെന്നും അയ്യപ്പസംഗമത്തെ എതിർക്കുന്ന ഹർജിക്കാരോട് കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിനായി സർക്കാർ ഖജനാവിൽ നിന്നോ, ദേവസ്വം ഫണ്ടിൽ നിന്നോ പണം ചെലവഴിക്കാനാകില്ലെന്ന വാദം ഹർജിക്കാർ ഉന്നയിച്ചപ്പോഴായിരുന്നു കോടതിയുടെ ഇടപെടൽ.
കുംഭമേളയ്‌ക്കായി കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉൾപ്പെടെ ചെലവഴിക്കുന്നുണ്ടെന്ന് സർക്കാരിനായി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. വാദം പൂർത്തിയായതിനെ തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജികൾ വിധി പറയാൻ മാറ്റി.അയ്യപ്പ സംഗമം നടത്തുന്നത് സർക്കാരാണെന്ന വാദവുമായി ഹൈന്ദവീയം ഫൗണ്ടേഷൻ സെക്രട്ടറി കളമശേരി സ്വദേശി എം. നന്ദകുമാർ, അഡ്വ. അജീഷ് കളത്തിൽ ഗോപി തുടങ്ങിയവരാണ് ഹർജികൾ സമർപ്പിച്ചത്.
കോടതിയുടെ ചോദ്യങ്ങളും
സർക്കാരിന്റെ ഉത്തരങ്ങളും
കോടതി: സംഗമത്തിൽ സർക്കാരിന്റെ റോളെന്താണ്? എ.ജി: ദേവസ്വം ബോർഡിനെ സഹായിക്കുക മാത്രമാണ്. കുംഭമേളയ്‌ക്കടക്കം കേന്ദ്ര സർക്കാരിന്റെ ഫണ്ടുണ്ട്. ഇത് ഭരണഘടനാ ലംഘനമായി വ്യാഖ്യാനിക്കാനാകില്ല. ആറ് മുഖ്യമന്ത്രിമാരെ സംഗമത്തിന് ക്ഷണിച്ചിട്ടുണ്ട്.
കോടതി: അയ്യപ്പന്റെ പേരിൽ ഫണ്ട് സ്വീകരിക്കാനാകുമോ? എ.ജി: സ്വമേധയാ തയാറാകുന്നവരിൽ നിന്നാണ് പണം സ്വീകരിക്കുന്നത്. പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ദേവസ്വവും സർക്കാരും ഫണ്ട് ചെലവഴിക്കുന്നില്ല. കോടതി: ആരാണ് ക്ഷണിതാക്കൾ. അവർക്ക് പ്രത്യേക പരിഗണന നൽകുമോ? എ.ജി: 3,000 പേരെയാണ് വിളിക്കുന്നത്. ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാകും കൂടുതൽ. മറ്റ് ഭക്തർക്കില്ലാത്ത പരിഗണന നൽകില്ല. ശബരിമല വികസനത്തിൽ അവരുടെ അഭിപ്രായം തേടും. കോടതി: സമാഹരിക്കുന്ന പണം എന്ത് ചെയ്യും? എ.ജി: ശബരിമല മാസ്റ്റർ പ്ലാനിനായി 1,300 കോടി രൂപ കണ്ടെത്തണം. റോപ്പ് വേ നിർമ്മിച്ച് നൽകാൻ ആരെങ്കിലും മുന്നോട്ടു വന്നാൽ സ്വീകരിക്കും. അതിലൊന്നും തെറ്റില്ല. കോടതി: സംഗമത്തിനായി പമ്പയിൽ നിർമ്മിക്കുന്നത് സ്ഥിരം സംവിധാനമോ? ജി.ബിജു (ദേവസ്വം അഭിഭാഷകൻ): താത്കാലിക പന്തലാണ് ഒരുക്കുന്നത്. എ.സി ഉണ്ടാകില്ല. സാധാരണക്കാരായ ഭക്തരുടെ അവകാശമൊന്നും നിഷേധിക്കില്ല.