യെസ് ബാങ്ക് കേരളത്തിലെ സാന്നിദ്ധ്യം വിപുലമാക്കുന്നു
കൊച്ചി: കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുതിയ നാലു ശാഖകൾ ആരംഭിച്ച് കേരളത്തിൽ തന്ത്രപരമായ വികസനം നടത്താനൊരുങ്ങി യെസ് ബാങ്ക്. സംസ്ഥാനത്ത് നിലവിൽ 22 ശാഖകളും 22 എ.ടി.എമ്മുകളുമുണ്ട്. കൊച്ചിയിൽ മാത്രമായുള്ള ഒരു ലക്ഷം പേർ ഉൾപ്പെടെ 2.6 ലക്ഷത്തിലേറെ ഉപഭോക്താക്കൾക്കാണ് ബാങ്ക് സേവനം നൽകുന്നത്.
2025 ജൂണിലെ കണക്കുകൾ പ്രകാരം ബാങ്കിന്റെ കേരളത്തിലെ ആസ്തികൾ 6,791 കോടി രൂപയും ബാധ്യതകൾ 5,673 കോടി രൂപയുമാണ്. ഈ അടിത്തറ കൂടുതൽ വിപുലമാക്കാനായി യെസ് ബാങ്ക് നടപ്പു സാമ്പത്തിക വർഷം കൊച്ചിയിൽ രണ്ടും കോഴിക്കോടും തിരുവനന്തപുരത്തും ഒന്നു വീതവും പുതിയ ശാഖകൾ ആരംഭിക്കും. യെസ് ബാങ്കിന്റെ ആകെ നിക്ഷേപങ്ങളിൽ 2.1 ശതമാനം കേരളത്തിൽ നിന്നാണ്. സംസ്ഥാനത്തു നിന്നുള്ള നിക്ഷേപങ്ങളിൽ 73 ശതമാനത്തോളം റീട്ടെയിൽ വിഭാഗത്തിൽ നിന്നാണെന്നത് ഈ വിഭാഗം ഉപഭോക്താക്കൾ വഹിക്കുന്ന ശക്തമായ പങ്കും ചൂണ്ടിക്കാട്ടുന്നു. വ്യക്തികളിൽ നിന്നുള്ള നിക്ഷേപം 2022 ജൂണിനും 2025 ജൂണിനും ഇടയിൽ 170 ശതമാനം എന്ന മികച്ച വളർച്ചയാണു കൈവരിച്ചത്.