ഉത്സവകാലം പടിവാതിലിൽ ഓഹരിവിപണിക്ക് പ്രതീക്ഷ
മുംബയ്: മഹാനവമി ഉൾപ്പെടെയുള്ള ഉത്സവകാലം തുടങ്ങാനിരിക്കുന്നതും ജി.എസ്.ടി നിരക്കിലെ ഇളവുകളും ഇന്ത്യൻ ഓഹരി വിപണിക്ക് പ്രതീക്ഷയേകുന്നു. ഇതിന്റെ ആദ്യചുവടെന്നോണം ഇന്നലെ ഇന്ത്യൻ ഓഹരി സൂചികകൾ ശക്തമായ പ്രകടനത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 323.83 പോയിന്റ് ഉയർന്ന് 81,425.15 ലും നിഫ്റ്റി 104.5 പോയിന്റ് ഉയർന്ന് 24,973.10ലും ക്ലോസ് ചെയ്തു. അര ശതമാനത്തോളമാണ് ഇരുവിപണികളും ഉയർച്ച പ്രകടിപ്പിച്ചത്. ഐ.ടി, പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളാണ് കുതിച്ചുയർന്നത്. അതേസമയം, നിക്ഷേപകർ ലാഭമെടുക്കാൻ തുടങ്ങിയതോടെ ഓട്ടോമൊബൈൽ ഓഹരികൾക്ക് ഇടിവ് സംഭവിച്ചു.
ഇന്ത്യയുമായി ചർച്ച തുടരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചതും അതിന് മറുപടിയായി ഇരുരാജ്യങ്ങളും സൗഹൃദരാഷ്ട്രങ്ങളാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കുറിച്ചതും ഓഹരി വിപണിയിലെ നിക്ഷേപകർക്ക് ആശ്വാസമായി. ഇതിന്റെ പ്രതിഫലനമാണ് ഇന്നലെ വിപണിയിൽ പ്രധാനമായും കണ്ടത്.
തെളിച്ചമോടെ ഐ.പി.ഒ വിപണി
പ്രാഥമിക ഓഹരി വില്പന (ഐ.പി.ഒ)യിൽ വൻതോതിൽ നിക്ഷേപം നടത്തി നിക്ഷേപകർ. വെറും നാല് മണിക്കൂറിനുള്ളിൽ 2,700 കോടി രൂപയാണ് മൂന്ന് കമ്പനികളിൽ മാത്രം നിക്ഷേപിക്കപ്പെട്ടത്. അർബൻ കമ്പനി, ദേവ് ആക്സിലേറ്റർ, ശൃംഗാർ ഹൗസ് ഒഫ് മാംഗല്യസൂത്ര എന്നീ കമ്പനികളുടെ ഐ.പി.ഒകളിലാണ് ഈ നിക്ഷേപം വന്നത്. നാളെ വരെ ഈ ഐ.പി.ഒകളിൽ നിക്ഷേപം നടത്താം. 2024ൽ 1.5 ലക്ഷം കോടി രൂപ സമാഹരിച്ചുകൊണ്ട് ഇന്ത്യ ലോകത്തിലെ മുൻനിര ഐ.പി.ഒ വിപണികളിലൊന്നായി മാറിയിരുന്നു. 2025ലും ഈ സ്ഥാനം നിലനിർത്തിയേക്കാം.
അർബൻ കമ്പനി
ഇന്ത്യയിലെ ഏറ്റവും വലിയ ഹോം സർവീസ് പ്ലാറ്റ്‌ഫോം. വിൽക്കാൻ വച്ചത് 10.7 കോടി ഓഹരികൾ. ഉച്ചയോടെ 20.4 കോടി ഷെയറുകൾക്ക് അപേക്ഷകൾ ലഭിച്ചു. കമ്പനി ലക്ഷ്യമിട്ടത് 1,900 കോടി രൂപ. 2,109 കോടി രൂപയുടെ അപേക്ഷകളാണ് ലഭിച്ചത്. ഒരു ഷെയറിന് 98- 103 രൂപ വില.
ദേവ് ആക്സിലേറ്റർ
ഫ്‌ളക്‌സ് വർക്ക് സ്‌പേസ് കമ്പനി. വിൽക്കാൻ വച്ചത് 1.31 കോടി ഷെയറുകൾ. ഐ.പി.ഒയിലൂടെ കമ്പനി ലക്ഷ്യമിട്ടത് 143 കോടി രൂപ സമാഹരിക്കാൻ. ഉച്ചയോടെ 4.57 കോടി ഷെയറുകൾക്ക് അപേക്ഷകൾ ലഭിച്ചു. 280 കോടി രൂപയുടെ നിക്ഷേപമെത്തി. ഒരു ഷെയറിന് 56- 61 രൂപ വില.
ശൃംഗാർ ഹൗസ് ഒഫ് മാംഗല്യസൂത്ര
മാംഗല്യസൂത്ര നിർമ്മാതാക്കൾ. വിൽക്കാനിട്ടത് 1.70 കോടി ഷെയറുകൾ. 2.03 കോടി ഷെയറുകൾക്ക് അപേക്ഷ ലഭിച്ചു. 335 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. ഒരു ഷെയറിന് 165 രൂപ ഉയർന്ന വില.