ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ അഞ്ച് ദിവസം മാത്രം

Thursday 11 September 2025 1:57 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണുകൾ നൽകാനുള്ള സമയം സെപ്തംബർ 15ന് അവസാനിക്കും. ഭൂരിപക്ഷം നികുതിദായകരും ഇതിനകം റിട്ടേൺ സമർപ്പിച്ചെങ്കിലും അവസാന തീയതി നീട്ടാൻ സമ്മർദ്ദം ശക്തമാണ്. റിട്ടേൺ നൽകുന്നതിനുള്ള സമയം നേരത്തെ ധനമന്ത്രാലയം 45 ദിവസം നീട്ടിനൽകിയിരുന്നു. ഇത്തവണ ധനമന്ത്രാലയം വഴങ്ങാൻ സാദ്ധ്യതയില്ല. ഓഡിറ്റ് ആവശ്യമുള്ളവർക്കും ഓഡിറ്റുള്ള പാർട്ട്‌ണർഷിപ്പ് സ്ഥാപനങ്ങളിലെ പാർട്ട്ണർമാർക്കും റിട്ടേൺ ഒക്‌ടോബർ 31 വരെ സമർപ്പിക്കാം. ആദായ നികുതി വകുപ്പിന്റെ ഔദ്യാേഗിക വെബ്സൈറ്റിലെ വിവരങ്ങളനുസരിച്ച് സെപ്തംബർ എട്ട് വരെ 13.37 കോടി രജിസ്‌റ്റേർഡ് നികുതിദായകരിൽ അഞ്ച് കോടി പേർ റിട്ടേൺ സമർപ്പിച്ചു. മുൻവർഷം മൊത്തം 7.28 കോടി റിട്ടേണുകളാണ് സമർപ്പിച്ചിരുന്നത്.

റിട്ടേൺ നിർബന്ധം

നികുതി ബാദ്ധ്യത പൂജ്യമാണെങ്കിൽ ആദായ നികുതി റിട്ടേൺ നൽകേണ്ടതില്ലെന്ന ധാരണ പരക്കെയുണ്ട്. എന്നാൽ നികുതി രഹിത പരിധിക്ക് മുകളിൽ വരുമാനമുള്ള എല്ലാവരും റിട്ടേൺ നൽകേണ്ടതുണ്ട്. രണ്ട് തരം സ്കീമുകളാണ് നിലവിലുള്ളത്. ഓരോരുത്തർക്കും അനുയോജ്യമായ സ്‌കീം നികുതിദായകർക്ക് തെരഞ്ഞെടുക്കാം. യഥാസമയം റിട്ടേൺ ഫയൽ ചെയ്യാത്ത അഞ്ച് ലക്ഷം രൂപയിലധികം വരുമാനമുള്ളവർക്ക് സെക്‌ഷൻ 234എഫ് പ്രകാരം 5,000 രൂപ പിഴയുണ്ട്. അതിനാൽ നികുതി ബാദ്ധ്യതയില്ലാത്തവരും നിയമപരമായ റിട്ടേൺ നൽകേണ്ടതുണ്ട്. വായ്പകൾക്ക് അപേക്ഷിക്കുന്നതിനും സെറ്റിൽമെന്റുകൾ ക്ളിയർ ചെയ്യുന്നതിനും ഇൻഷ്വറൻസ് കവറേജ് ലഭിക്കുന്നതിനും വിസയ്ക്ക് അപേക്ഷിക്കുമ്പോഴും ഐ.ടി റിട്ടേണുകൾ തെളിവായി കാണിക്കാനും സഹായമാകും. റീഫണ്ട് കിട്ടണമെങ്കിലും റിട്ടേൺ നിർബന്ധമാണ്.

സ്‌കീം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം

ജോലി, വ്യാപാരം എന്നിവയിൽ നിന്ന് വരുമാനമുള്ളവർക്ക് പുതിയ സ്കീം സ്വീകരിച്ചതിന് ശേഷം ഒരു തവണ മാത്രമേ പഴയതിലേക്ക് മാറാനാകൂ. പിന്നീട് പുതിയ സ്കീം സ്വീകരിക്കാനും കഴിയില്ല.

നിർബന്ധമായും റിട്ടേൺ നൽകേണ്ടവർ

1.വിവിധ ബാങ്കുകളിലെ കറന്റ് അക്കൗണ്ടുകളിൽ മൊത്തം ഒരു കോടി രൂപയിലധികമോ എസ്.ബി അക്കൗണ്ടിൽ 50 ലക്ഷത്തിലധികമോ നിക്ഷേപമുള്ളവർ

2. വിദേശ യാത്രയ്ക്ക് രണ്ട് ലക്ഷം രൂപയിലധികം ചെലവഴിച്ചിട്ടുള്ളവർ

3. ഒരു ലക്ഷം രൂപയിലധികം വൈദ്യുതി ചാർജ് നൽകുന്നവർ

4. 20,000 രൂപയിലധികം ടി.ഡി.എസ്, ടി.സി.എസ് ലഭിക്കുന്നവർ, മുതിർന്ന പൗരന്മാർക്ക് പരിധി 50,000 രൂപയാണ്

5. വ്യാപാരത്തിൽ നിന്ന് 60 ലക്ഷം രൂപയോ ജോലിയിൽ നിന്ന് 10 ലക്ഷമോ വരുമാനമുള്ളവർ