തിരുവല്ലയിൽ വെള്ളക്കരം കുടി​ശി​ക, ജല അതോറിറ്റിക്ക് കി​ട്ടാനുള്ളത്  9.32 കോടി

Thursday 11 September 2025 12:27 AM IST

തിരുവല്ല : ജല അതോറിറ്റിയുടെ തിരുവല്ല ഡിവിഷൻ പരിധിയിലെ കുടിവെള്ളത്തിന്റെ കുടിശിക 9.32 കോടി രൂപ പിന്നിട്ടതോടെ കണക്ഷൻ വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള നടപടികൾ കർശനമാക്കി. തിരുവല്ല ഡിവിഷൻ പരിധിയിലെ തിരുവല്ല, മല്ലപ്പള്ളി, എടത്വ, ചങ്ങനാശ്ശേരി എന്നീ സബ് ഡിവിഷനുകളുടെ പരിധിയിലാണ് ഇത്രയധികം രൂപ ഉപഭോക്താക്കൾ അടയ്ക്കാനുള്ളത്. നാല് മാസത്തിലധികം വാട്ടർ ചാർജ് അടയ്ക്കാത്തതും 10,000 രൂപയ്ക്ക് മുകളിൽ കുടിശ്ശികയുള്ളതും നോട്ടീസ് നൽകിയിട്ടും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ മാറ്റി സ്ഥാപിക്കാത്തതുമായ ഗാർഹിക, ഗാർഹികേതര കുടിവെള്ള വിതരണ കണക്ഷനുകളാണ് വിച്ഛേദിക്കുന്നത്. നടപടികൾ തുടരുകയാണെന്നും കുടിശികയുള്ളവർ തുക അടച്ച് നടപടികളിൽ നിന്ന് ഒഴിവാകണമെന്നും കുടിവെള്ളം ദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തിയാൽ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

289 കണക്ഷനുകൾ വിച്ഛേദിച്ചു കുടിവെള്ള കുടിശികയുള്ള 289 ഗാർഹിക, ഗാർഹികേതര ഉപഭോക്താക്കളുടെ കണക്ഷനുകൾ ജല അതോറിറ്റി വിച്ഛേദിച്ചു. 236 ഗാർഹിക കണക്ഷനുകളും 53 ഗാർഹികേതര കണക്ഷനുകളുമാണ് വിച്ഛേദിച്ചത്. ബിൽ കുടിശിക സംബന്ധമായ പരാതികൾക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0469 2700748.

സർക്കാർ ഓഫീസുകളുടെ കുടിശിക 33.6 ലക്ഷം തിരുവല്ല ഡിവിഷന്റെ കീഴിലെ സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക 33.60 ലക്ഷമാണ്. ഗവ. ഗേൾസ് സ്‌കൂൾ, തിരുവല്ല -7,65,990 രൂപ,

ഗവ.എൽ.പി.സ്‌കൂൾ, ചാത്തങ്കരി -1,09,519 രൂപ,

മിനി സിവിൽ സ്റ്റേഷൻ മല്ലപ്പള്ളി - 7,29,167രൂപ,

സിവിൽ സ്റ്റേഷനിലെ 14 ഓഫീസുകളിൽ 7 ഓഫീസുകൾ ക്യത്യമായി തുക അടയ്ക്കുന്നില്ല. സഹകരണ ഓഡിറ്റ് -1,50,000 രൂപ, ഉപജില്ല വിദ്യാഭ്യാസ ഓഫീസ് -1,84,377രൂപ, അസിസ്റ്റൻറ് രജിസ്റ്റാർ കോ - ഓപ്പറേറ്റിവ് സൊസൈറ്റി എന്നിങ്ങനെ നിരവധി സ്ഥാപനങ്ങൾ ഒരു ലക്ഷത്തിനു മുകളിൽ കുടിശ്ശിക അടയ്ക്കാനുണ്ട്.