വയനാട് വായ്പ എഴുതിത്തള്ളുന്നതിൽ വീണ്ടും കേന്ദ്രസർക്കാരിന്റെ ഒളിച്ചുകളി

Thursday 11 September 2025 1:29 AM IST

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്നതിൽ ഇപ്പോഴും ഒളിച്ചുകളിക്കുകയാണ് കേന്ദ്ര സർക്കാർ. തീരുമാനമെടുക്കേണ്ടത് ഏത് മന്ത്രാലയമാണെന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് അഡി. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. മൂന്നാഴ്ചയ്‌ക്കകം കൃത്യമായ തീരുമാനമെടുക്കാൻ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി.

ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന വകുപ്പിനെ ദുരന്തനിവാരണ നിയമത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ സാദ്ധ്യമാകില്ലെന്ന് കേന്ദ്രം മുമ്പ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അന്ത്യശാസനം നൽകുകയും ചെയ്തു. വയനാട് ദുരന്ത ബാധിതരുടെ വായ്പകൾ കേരള ബാങ്ക് എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടി സമാന നിലപാട് സ്വീകരിക്കണമെന്ന നിർദ്ദേശവും കോടതി നൽകിയിരുന്നു. എന്നിട്ടും തീരുമാനമറിയിക്കാതെ ഇന്നലെയും ഉരുണ്ടുകളിക്കുകയായിരുന്നു.

ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറൽ തത്വത്തിന്റെ താത്പര്യം കൂടി ഉൾപ്പെടുന്ന വിഷയമാണിതെന്ന് കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. പുനരധിവാസത്തിന് സംസ്ഥാനം ചെലവിട്ടത് ഇതിലും വലിയ തുകയാണെന്നും ഓർമ്മിപ്പിച്ചു. തുടർന്ന് ഹർജി ഓക്ടോബർ എട്ടിന് പരിഗണിക്കാൻ മാറ്റി.

35.30 കോടി രൂപയാണ് 12 ദേശസാത്കൃത ബാങ്കുകളിൽ നിന്നായി ചൂരൽമല -മുണ്ടക്കൈ ദുരന്തബാധിതർ വായ്പയെടുത്തിട്ടുളളത്. തിരിച്ചുപിടിക്കുന്നത് കോടതി താത്കാലികമായി തടഞ്ഞിട്ടുണ്ട്.