അപാർ ഐ.ഡി : ഇളവുകൾ അനുവദിച്ച് സി.ബി.എസ്.ഇ
കൊച്ചി: ഈ മാസം 30ന് പൂർത്തിയാക്കാൻ നിർദ്ദേശിച്ച വിദ്യാർത്ഥികളുടെ അപാർ ഐ.ഡി രജിസ്ട്രേഷനിൽ ഇളവുകൾ അനുവദിച്ച് സി.ബി.എസ്.ഇ. രജിസ്ട്രേഷൻ വിശ്വസനീയവും സുതാര്യവുമാക്കുന്നതിനാണ് ഇളവെന്ന് പരീക്ഷാ കൺട്രോളറുടെ സർക്കുലറിൽ പറയുന്നു.
രജിസ്ട്രേഷൻ നടപ്പാക്കുന്നതിലെ പ്രായോഗിക വിഷമതകളെക്കുറിച്ച് കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരള,നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് തുടങ്ങിയവ സമർപ്പിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് നടപടി. 10,12 ക്ളാസുകളിലെ രജിസ്ട്രേഷൻ പ്രത്യേക വെബ്സൈറ്റിൽ പൂർത്തിയാക്കാനായിരുന്നു നിർദ്ദേശം. രക്ഷിതാക്കളുടെ സമ്മതപത്രം സ്വീകരിച്ചുവേണം രജിസ്റ്റർ ചെയ്യാൻ. സമ്മതപത്രം ലഭിക്കാത്ത സാഹചര്യത്തിൽ രക്ഷിതാവിൽ നിന്ന് ഇക്കാര്യം എഴുതിവാങ്ങി സ്‌കൂളിൽ സൂക്ഷിക്കാനും രജിസ്ട്രേഷനിൽ രേഖപ്പെടുത്താനും സി.ബി.എസ്.ഇ നിർദ്ദേശിച്ചു.
മറ്റേതെങ്കിലും കാരണത്താൽ ഐ.ഡി പൂർത്തിയാക്കാൻ കഴിയുന്നില്ലെങ്കിൽ അക്കാര്യവും രേഖപ്പെടുത്തണം. മറ്റു കാര്യങ്ങളിൽ അപാർ ഐ.ഡി രേഖപ്പെടുത്താനും അനുമതി നൽകി. മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ കാരണം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും പരീക്ഷ എഴുതുന്നതിനെ ബാധിക്കില്ലെന്ന് നാഷണൽ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ.ഇന്ദിര രാജൻ പറഞ്ഞു.
അപാർ ഐ.ഡി
വിദ്യാർത്ഥികൾക്കായുള്ള 12 അക്ക വ്യക്തിഗത ഡിജിറ്റൽ തിരിച്ചറിയൽ നമ്പറാണ് ഓട്ടോമേറ്റഡ് പെർമനന്റ് അക്കാഡമിക് രജിസ്ട്രി (അപാർ) ഐ.ഡി. അക്കാഡമിക് രേഖകളും പഠനേതരനേട്ടങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിക്കുന്നു. ഡിജിറ്റൽ ലോക്കറിൽ ബന്ധിപ്പിച്ച് വിജയങ്ങൾ,പരീക്ഷാഫലങ്ങൾ,ഒളിമ്പ്യാഡ്-സ്‌പോർട്‌സ് നേട്ടങ്ങൾ,സ്‌കിൽ ട്രെയിനിംഗ് എന്നിവ അറിയാനുമാകും. വൺ നേഷൻ,വൺ സ്റ്റുഡന്റ് ഐ.ഡി പദ്ധതിയുടെ അനുബന്ധമായി പ്രവർത്തിക്കും.
പ്രധാന ലക്ഷ്യങ്ങൾ
വിദ്യാർത്ഥികളുടെ അക്കാഡമിക്,അക്കാഡമിക് ഇതര നേട്ടങ്ങൾ ഏകീകൃതമായി രേഖപ്പെടുത്തും വ്യക്തിഗത പഠനത്തിനും നയപരിപാടികൾക്കും ഡാറ്റാ അധിഷ്ഠിതമായി തീരുമാനമെടുക്കാം സ്‌കൂൾ മാറ്റം,ജില്ല-സംസ്ഥാന മാറ്റം എന്നിവ എളുപ്പത്തിലാകും വിദ്യാർത്ഥികൾക്കുള്ള ഗുണങ്ങൾ
ഏകീകൃത അക്കാഡമിക് ഐഡന്റിറ്റി.എല്ലാ രേഖകളും ഒറ്റ പ്ലാറ്റ്‌ഫോമിൽ ഡിജിറ്റൽ ഐ.ഡി സ്‌കൂൾ,കോളേജ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം അക്കാഡമിക് മാറ്റം,സ്‌കൂൾ മാറ്റങ്ങൾ എളുപ്പമാക്കും നൈപുണ്യവർദ്ധനവ്,പഠന,വ്യവസായ മേഖലയിൽ പിന്തുണ
ജീവിതകാലം മുഴുവൻ വ്യക്തിഗത പ്രകടനം വിലയിരുത്താം