അദ്ധ്യാപക അവാർഡ് തുക ഇരുപതിനായിരമാക്കും
തിരുവനന്തപുരം: സംസ്ഥാന അദ്ധ്യാപക അവാർഡ് തുക പതിനായിരത്തിൽ നിന്ന് ഇരുപതിനായിരമായി ഉയർത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അദ്ധ്യാപക അവാർഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രിയുടെ പ്രഖ്യാപനം.
എഴുത്തുകാരായ അദ്ധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്കുള്ള പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി അവാർഡ് തുക പതിനായിരം രൂപയിൽ നിന്ന് ഇരുപത്തയ്യായിരമാക്കും. പ്രീപ്രൈമറിയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്‌കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതിക്കുന്ന സ്‌കൂളിനും ഏറ്റവും കൂടുതൽ കുട്ടികളെ പ്ലസ് ടു പരീക്ഷ എഴുതിക്കുന്ന സ്‌കൂളിനും മുഖ്യമന്ത്രിയുടെ പേരിലുള്ള സി.എം എവർറോളിംഗ് ട്രോഫി പരിഗണനയിലാണ്. ട്രോഫി നേടുന്ന സ്‌കൂളിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിന് മുൻഗണനയും നൽകും.
ഹെർമിറ്റേജിന് പ്രത്യേക പദ്ധതി
അദ്ധ്യാപകർ റിട്ടയർമെന്റിന് ശേഷം വസിക്കുന്ന ഹെർമിറ്റേജിന്റെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. അന്തേവാസികളായെത്തുന്ന അദ്ധ്യാപകർക്ക് കൂടുതൽ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തുന്നതിനുള്ളതാണ് പദ്ധതി. ഇതിനായി അദ്ധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.