എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം: പ്രവേശന പരീക്ഷാ പരാമർശം തിരുത്തി മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെങ്കിലും നിയമനത്തിന് മുമ്പ് യോഗ്യതാ പരീക്ഷ നടത്തുന്നത് പരിഗണനയിലെന്ന പരാമർശം തിരുത്തി മന്ത്രി വി.ശിവൻകുട്ടി. ഇത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റും പിൻവലിച്ചു.
സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂളുകളിൽ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെങ്കിലും നിയമനത്തിന് മുമ്പ് പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യം സർക്കാരിന്റെ പരിണഗണനയിലാണെന്നും,. ഓരോ കുട്ടിക്കും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ ഇതിലൂടെ കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു മന്ത്രിയുടെ ആദ്യ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇത് വിവാദമായതോടെ, പോസ്റ്റ് തിരുത്തിയ മന്ത്രി, പ്രത്യേക പരീക്ഷ പരിഗണനയിലില്ലെന്നും കെ-ടെറ്റ് യോഗ്യതാ പരീക്ഷയാണ് ഉദ്ദേശിച്ചതെന്നും വിശദീകരിച്ചു.
ആദ്യ ഉത്തരവാദി
അദ്ധ്യാപകർ സ്‌കൂളിന്റെ വളർച്ചയുടേയും തളർച്ചയുടേയും ആദ്യ ഉത്തരവാദി സ്‌കൂളിലെ പ്രിൻസിപ്പലും എച്ച്.എമ്മും അടക്കമുള്ള അദ്ധ്യാപകരാണെന്ന മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അദ്ധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായ അദ്ധ്യാപക അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചില പ്രഥമാദ്ധ്യാപകർ ചുമതലയേൽക്കുമ്പോൾ സ്‌കൂൾ നല്ല വണ്ണം പുരോഗമിക്കുന്നു. ചില അദ്ധ്യാപകർ വരുമ്പോൾ സ്‌കൂളിന്റെ നാശം തുടങ്ങുന്നു. പാഠ്യേതര വിഷയങ്ങൾ കൂടി അദ്ധ്യാപകർ പഠിക്കണം.അദ്ധ്യാപകർ യോഗ്യതാ പരീക്ഷയെഴുന്നതിൽ ഉദാസീനത കാണിക്കുന്നതും പരീക്ഷയൊഴിവാക്കാൻ ശുപാർശ ചെയ്യുന്നതും മാന്യതയ്ക്ക് യോജിച്ചതല്ല.
കുട്ടികൾ പ്രത്യേക വിഷയത്തിൽ പരാജയപ്പെട്ടാൽ ആദ്യം മറുപടി പറയേണ്ടത് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകനാണെന്നും മന്ത്രി വ്യക്തമാക്കി.
അദ്ധ്യാപകർക്ക്
യൂണിഫോം ചർച്ച ചെയ്യും
അദ്ധ്യാപകർക്ക് യൂണിഫോം ഏർപ്പെടുത്തണമെന്ന ആവശ്യം അദ്ധ്യാപക സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ഒരു വിദ്യാർത്ഥിയാണ് തനിക്ക് ഇത് സംബന്ധിച്ച് കുറിപ്പെഴുതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അദ്ധ്യക്ഷനായി.