കീഴ്കോടതിയോട് ഹൈക്കോടതി: നീതി നടപ്പായെന്ന തോന്നൽ വരുന്നതാവണം നടപടികൾ # ഇടക്കാല ഉത്തരവിന്റെ പകർപ്പ് നൽകാത്തതിന് വിമർശനം

Thursday 11 September 2025 2:42 AM IST

കൊച്ചി: കേസ് അവതരിപ്പിക്കാൻ ന്യായമായ അവസരം ലഭിച്ചെന്ന് കക്ഷികൾക്ക് ബോദ്ധ്യപ്പെട്ടാലേ നീതിനിർവഹണ സംവിധാനം നിലനിൽക്കൂവെന്ന് ഹൈക്കോടതി. നീതി നടപ്പാവുക മാത്രമല്ല നടപ്പായെന്ന തോന്നൽ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ചെക്കുകേസിൽ പ്രതിയായ യുവാവ് തെളിവായി ഹാജരാക്കിയ രേഖ തള്ളിയ ഉത്തരവിന്റെ പകർപ്പ് നൽകാതെ മജിസ്‌ട്രേറ്റ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത് തടഞ്ഞുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടക്കാല ഉത്തരവിന്റെ പകർപ്പ് നൽകിയ ശേഷം അന്തിമ ഉത്തരവ് പുറപ്പെടുവിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നും മജിസ്‌ട്രേറ്റിന്റെ നടപടിയെ വിമർശിച്ച് കോടതി അഭിപ്രായപ്പെട്ടു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് തൃശ്ശൂർ സ്വദേശി പ്രശാന്ത് ആൻഡ്രൂസാണ് ഹൈക്കോടതിയെ സമീപിച്ചത്. ചെക്കുകേസിൽ എതിർകക്ഷിയാണ് ഹർജിക്കാരൻ. പരാതിക്കാരന് താൻ നൽകിയ ചെക്കല്ല മടങ്ങിയതെന്നും മറ്റൊരെണ്ണമാണെന്നും വിചാരണ സമയത്ത് മജിസ്‌ട്രേറ്റ് കോടതിയിൽ അറിയിച്ചു. ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടും ഹാജരാക്കി. പരാതിക്കാരനായ ശിവസുബ്രഹ്‌മണ്യനെ വിസ്തരിക്കുകയും ചെയ്തു. സ്‌ക്രീൻ ഷോട്ട് തെളിവായി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. സെപ്തംബർ എട്ടിന് മജിസ്‌ട്രേറ്റ് കോടതി ഈ അപേക്ഷ പരിഗണിച്ചെങ്കിലും തള്ളി ഇടക്കാല ഉത്തരവിട്ടു. ഇതിന്റെ പകർപ്പ് ഹർജിക്കാരന് നൽകാതെ ചെക്കുകേസ് അന്തിമ ഉത്തരവിനായി മാറ്റി. ഇതിനെ ഹർജിക്കാരൻ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. മജിസ്‌ട്രേറ്റിന്റെ തിടുക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി,ഉത്തരവിന്റെ പകർപ്പ് മൂന്ന് ദിവസത്തിനകം ഹർജിക്കാരന് നൽകാനും ഉത്തരവിട്ടു. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കാനും വിചാരണക്കോടതിയോട് നിർദ്ദേശിച്ചു.