ആയുഷ് ആദ്യ റൗണ്ട് അലോട്ട്മെന്റ്
ബി.എ.എം.എസ്,ബി.എച്ച്.എം.എസ്,ബി.എസ്.എം.എസ്,ബി.യു.എം.എസ്,ബി.ഫാം ആയുർവേദ കോഴ്സുകളിലേക്ക് ഓൾ ഇന്ത്യ ക്വാട്ടയിൽ ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിംഗ് കമ്മിറ്റി നടത്തുന്ന ആദ്യ റൗണ്ട് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. നീറ്റ് യു.ജി 2025 റാങ്ക് അടിസ്ഥാനപ്പെടുത്തിയാണ് പ്രവേശനം.
രാജ്യത്തെ സർക്കാർ കോളേജുകൾ,സർക്കാർ എയ്ഡഡ് കോളേജുകൾ,കേന്ദ്ര സർവകലാശാലകൾ,ദേശീയ സ്ഥാപനങ്ങൾ,കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്കാണ് പ്രവേശനം. കേരളത്തിൽ നിന്ന് ബി.എ.എം.എസിന് മൂന്ന് സർക്കാർ ആയുർവേദ കോളേജുകളും രണ്ട് എയ്ഡഡ് അയുർവേദ കോളേജുകളും ഉൾപ്പെടും. ബി.എച്ച്.എം.എസിന് രണ്ട് സർക്കാർ ഹോമിയോപ്പതി കോളേജുകളും രണ്ട് എയ്ഡഡ് ഹോമിയോപ്പതി കോളേജുകളും ഉൾപ്പെടും.
അലോട്ട്മെന്റ് ലഭിച്ചവർ 12ന് വൈകിട്ട് അഞ്ചിനകം ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം. അടുത്ത റൗണ്ടിൽ മറ്റ് സീറ്റിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താത്പര്യമുണ്ടെങ്കിൽ നിലവിൽ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശനം നേടിയ ശേഷം അപ്ഗ്രഡേഷൻ ഓപ്ഷൻ അവിടെ നൽകണം. ഇവർ അടുത്ത റൗണ്ടിൽ ചോയ്സ് ഫില്ലിംഗും നടത്തണം. ആദ്യ റൗണ്ട് സീറ്റിൽ താത്പര്യമില്ലാത്തവർക്ക് ഫ്രീ എക്സിറ്റ് ഓപ്ഷനുമുണ്ട്. രണ്ടാം റൗണ്ട് രജിസ്ട്രേഷൻ 17നും ചോയ്സ് ഫില്ലിംഗ് 18നും ആരംഭിക്കും. വെബ്സൈറ്റ്: aaccc.gov.in.