അനന്തുവിനെ രക്ഷിക്കാൻ സുമനസുകളുടെ സഹായം തേടി കുടുംബം
പടിഞ്ഞാറേകല്ലട: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർദ്ധന കുടുംബാംഗമായ അനന്തു രാജേഷിന്റെ (20) ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നു. പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അനന്തു. കഴിഞ്ഞ മാസം 31ന് രാത്രി 12 മണിയോടെ ജോലി കഴിഞ്ഞ് ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുമ്പോൾ അഞ്ച് കൂട്ടുകാർക്കൊപ്പം അനന്തുവിനെ അമിത വേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനന്തുവിനെയും രണ്ട് കൂട്ടുകാരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വൈറ്റില വെൽകെയർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണ് അനന്തു.
ജീവിതം വഴിമുട്ടി, ജപ്തി ഭീഷണിയിൽ കുടുംബം
ഇതുവരെ ഏകദേശം 7 ലക്ഷം രൂപ ചികിത്സയ്ക്കായി ചെലവായി. നാലാഴ്ചയ്ക്ക് ശേഷം ഒരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. ഇതിനായി ഏകദേശം 3 ലക്ഷം രൂപയോളം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. മൊത്തത്തിൽ 15 ലക്ഷത്തിലധികം രൂപ വേണ്ടിവരുമെന്നാണ് കുടുംബം പറയുന്നത്. ഹൃദ്രോഗിയായ അമ്മ സുനിജ, ഡ്രൈവർ ജോലി ചെയ്തിരുന്ന അച്ഛൻ രാജേഷ്, വിവാഹിതയായ സഹോദരി ആതിര എന്നിവരടങ്ങുന്നതാണ് അനന്തുവിന്റെ കുടുംബം. മകന്റെ ചികിത്സയ്ക്കായി നെട്ടോട്ടമോടുന്നതിനിടെയാണ് കുടുംബത്തെ തേടി ജപ്തി ഭീഷണിയും എത്തുന്നത്. ശാസ്താംകോട്ട ഗ്രാമീൺ ബാങ്കിൽ നിന്ന് വർഷങ്ങൾക്ക് മുൻപെടുത്ത ഭവനവായ്പയുടെ 1.63 ലക്ഷം രൂപ കുടിശ്ശികയായിട്ടുണ്ട്. മൂന്നു മാസത്തിനുള്ളിൽ തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്.
സഹായ ഹസ്തവുമായി 'കല്ലട സൗഹൃദം' കൂട്ടായ്മയും
അപകടശേഷം അനന്തുവിന്റെ കോളേജിലെ സുഹൃത്തുക്കളും അദ്ധ്യാപകരും ചേർന്ന് 5 ലക്ഷത്തോളം രൂപ സമാഹരിച്ച് കുടുംബത്തിന് കൈമാറി. 'കല്ലട സൗഹൃദം' കൂട്ടായ്മ സ്വരൂപിച്ച 1.20 ലക്ഷം രൂപയും കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അനന്തുവിന്റെ ചികിത്സാ സഹായത്തിനായി പണം അയയ്‌ക്കേണ്ട വിലാസം:
-
ബാങ്ക് അക്കൗണ്ട് നമ്പർ: 67162434414
-
IFSC കോഡ്: SBIN0070450
-
ബ്രാഞ്ച്: ശാസ്താംകോട്ട
-
Google Pay നമ്പർ: 7510794518 (സുനിജ)