പീഡനക്കേസ്: വേടനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു
Thursday 11 September 2025 1:00 AM IST
കൊച്ചി: യുവ വനിത ഡോക്ടറെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി, 30) അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് വിട്ടയച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നതിനാലാണിത്. ഇന്നലെ രാവിലെ 10ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായ വേടനെ രണ്ട് മണിക്കൂറിലധികം ചോദ്യംചെയ്തു. വൈദ്യ പരിശോധനയടക്കം പൂർത്തിയാക്കി വൈകിട്ട് നാലരയോടെയാണ് വിട്ടയച്ചത്.
താനും പരാതിക്കാരിയും തമ്മിൽ പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും പിന്നീട് അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെയാണ് പീഡന പരാതി നൽകിയതെന്നും വേടൻ ആവർത്തിച്ചു. വേടനെതിരായ ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. ശേഖരിച്ച തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു രണ്ടാം ദിവസത്തെയും ചോദ്യം ചെയ്യൽ. കോട്ടയം സ്വദേശിയായ ഡോക്ടറാണ് പരാതിക്കാരി.