പശ്ചിമഘട്ടത്തിൽ ബലിയാടായത് 35 വനപാലകർ, ഇന്ന് ദേശീയ വനരക്തസാക്ഷിദിനം

Thursday 11 September 2025 1:07 AM IST

കൊച്ചി: പശ്ചിമഘട്ട മലനിരകളുടെ പരിപാലനത്തിൽ ഏർപ്പെട്ട 35 വനപാലക‌രാണ് 1965നുശേഷം ബലിയാടായത്. 2021വരെ കേരളത്തിന്റെ അതിർത്തിക്കുള്ളിൽ സംഭവിച്ചതാണിത്. അതിനുശേഷം കാര്യമായ അത്യാഹിതം നേരിട്ടതായി റിപ്പോർട്ടില്ല. ഇവരുൾപ്പെടയുള്ള വനപാലക രക്തസാക്ഷികളുടെ സ്മരണ പുതുക്കി രാജ്യം ഇന്ന് ദേശീയ വന രക്തസാക്ഷിദിനം ആചരിക്കും. വന്യജീവികളുടെയും കൊള്ളക്കാരുടെയും ആക്രമണത്തിലും അപകടങ്ങളിലുമായാണ് ഒരു ഐ.എഫ്.എസ് ഓഫീസർ ഉൾപ്പെടെ മരിച്ചത്.

1969 മാർച്ച് 4ന്, പാലക്കാട് കരുളായി റേഞ്ചിൽ സമൻസ് നടപ്പാക്കാൻ പോയപ്പോൾ പ്രതിയുടെ കുത്തേറ്റ് മരിച്ച ബീറ്റ് ഫോറസ്റ്റ് ഓഫീസർ ടി.കെ. കൃഷ്ണൻകുട്ടി നായരാണ് പട്ടികയിൽ ആദ്യമുള്ളത്. പെരിയാർ കടുവ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ വാച്ചർ ടി. അയ്യാവിനെ കഞ്ചാവ് കൃഷിക്കാർ തലവെട്ടി കൊലപ്പെടുത്തുകയായിരുന്നു. അതിരപ്പിള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയിരുന്ന കൃഷ്ണൻ നാടാരെ വനംകൊള്ളക്കാർ കല്ലെറിഞ്ഞ് കൊലപ്പെടുത്തി. പാലക്കാട് ചുങ്കത്തറയിൽ വനംകൊള്ളക്കാർ തടി തലയിലിട്ട് കൊലപ്പെടുത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഒ.ജെ. സെബാസ്റ്റ്യൻ ഉൾപ്പെടെ 6 പേരെയാണ് കൊള്ളക്കാർ കൊലപ്പെടുത്തിയത്. 'അട്ട' കടിച്ചതിനെത്തുടർന്നുണ്ടായ അസുഖത്തിൽ കൊല്ലങ്കോട് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബി. കിയാസും മറയൂരിൽ വനമേഖലയിലെ പട്രോളിംഗിന് ഇടയിൽ അതികഠിനമായ തണുപ്പുകാരണം വാച്ചർ കെ. ചെല്ലപ്പനും ജീവൻ നഷ്ടമായി. 2020 ഫെബ്രുവരി 16ന് തൃശൂർ വടക്കാഞ്ചേരിയിലെ എച്ച്.എൻ.എൽ പ്ലാന്റേഷനിൽ പടർന്നുപിടിച്ച കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ, വാച്ചർമാരായ കെ.യു.ദിവാകരൻ, എ.കെ.വേലായുധൻ, വി.എ. ശങ്കരൻ എന്നിവർ പൊള്ളലേറ്റ് മരിച്ചു.

കാട്ടാന കൊന്നത് 11 പേരെ

നാട്ടിൽ ഇറങ്ങിയ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടയിലും വനമേഖലയിലെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിലുമായി വൈൽഡ് ലൈഫ് റിസേർച്ച് എഡ്യൂക്കേഷൻ ചുമതലയുണ്ടായിരുന്ന ഐ.എഫ്.എസ് ഓഫീസർ എസ്. രാജശേഖരൻ നായർ ഉൾപ്പെടെ 11 ജീവനക്കാർ മരിച്ചു.

 മറ്റ് ദുരന്തങ്ങൾ

വാഹനാപകടം, അണക്കെട്ടിൽ വീണും പാറക്കെട്ടിൽ നിന്ന് കാൽവഴുതി വീണും ഉൾവനത്തിൽവച്ചുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്നും 11 മരണം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാളും പാമ്പ്, മറ്റ് വന്യജീവികൾ എന്നിവയുടെ ആക്രമണത്തിൽ 3പേരും മരണമടഞ്ഞു.