അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ്: സർക്കാരുകൾ പരാജയമെന്ന് ചെന്നിത്തല
കാക്കനാട്: അങ്കമാലി കരയാംപറമ്പ് മുതൽ കുണ്ടന്നൂർ വരെ നിർമ്മിക്കുന്ന ദേശിയപാത ബൈപ്പാസ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര, സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
വികസനരംഗത്ത് സംസ്ഥാന സർക്കാർ വട്ടപ്പൂജ്യമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേട് മൂലം 3ഡി വിജ്ഞാപനം അസാധുവായെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എമാരായ കെ. ബാബു, റോജി.എം. ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, ഉമ തോമസ്, ടി.ജെ. വിനോദ്,കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ്, ആലുവ നഗരസഭ അദ്ധ്യക്ഷൻ എം.ഒ. ജോൺ, അങ്കമാലി നഗരസഭ ചെയർമാൻ ഷിയോ പോൾ, കൊച്ചി മെട്രോപോളിറ്റൻ കൗൺസിൽ മെമ്പർ റാഷിദ് ഉള്ളമ്പിള്ളി, ഭൂഉടമ ആക്ഷൻ കൗൺസിൽ പ്രതിനിധി സജി കൂടിയിരിപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.