രാഹുലിനെതിരായ കേസ് വഴിമുട്ടി, പരാതിയില്ലെന്ന് ആരോപണമുന്നയിച്ചവർ, ക്രൈംബ്രാഞ്ച് നിയമോപദേശം തേടും

Thursday 11 September 2025 12:40 AM IST

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരേ നേരത്തേ ആരോപണമുന്നയിച്ച യുവതി. പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. പക്ഷേ,​ വാട്സ്ആപ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ ഇവർ കൈമാറി.

ഗർഭഛിദ്രത്തിന് ഭീഷണിപ്പെടുത്തിയെന്ന് ശബ്ദസന്ദേശത്തിലൂടെ ആരോപണം ഉന്നയിച്ച യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിട്ടില്ല. ഈ യുവതിയുമായി ക്രൈംബ്രാഞ്ച് സംസാരിച്ചെങ്കിലും നിയമനടപടിക്ക് അവർ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയിലടക്കം അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയില്ല. ആരോപണമുന്നയിച്ചിരുന്ന ട്രാൻസ്‌ജെൻഡറും മൊഴി നൽകാൻ താത്പര്യമില്ലെന്നറിയിച്ചു. ഇതോടെ രാഹുലിനെതിരായ കേസിന്റെ തുടർനടപടികൾ വഴിമുട്ടി.

കേസ് നിലനിൽക്കുമോയെന്ന് ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. പരാതിക്കാരും ഇരകളും മൊഴി നൽകാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത കേസുകളിലേതുപോലെ ഇതും അവസാനിപ്പിക്കേണ്ടിവരും. അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടക്കുന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തക ക്രൈംബ്രാഞ്ചിന് മൊഴിനൽകി. ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നും മൊഴിയിൽ ആവശ്യപ്പെട്ടു. എന്നാൽ,​ പരാതിയിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളുണ്ടായിരുന്നില്ല. പുറത്തുവന്ന ശബ്ദരേഖ കൃത്രിമം നടത്തിയതാണെന്നും ശബ്ദസന്ദേശം പുറത്തുവിട്ട മാദ്ധ്യമത്തിൽ നിന്ന് ഫോൺ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടുള്ളതാണ് പരാതി.

ഭാരതീയ ന്യായസംഹിതയിലെ 78(2), 351, പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുകളാണ് എഫ്.ഐ.ആറിൽ ചുമത്തിയത്. 3 വർഷം വരെ തടവും പിഴയും കിട്ടാവുന്നതാണ് 78(2) വകുപ്പ്. തെളിവുകിട്ടിയില്ലെങ്കിൽ കേസ് അവസാനിപ്പിക്കേണ്ടിവരും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്മാർക്കെതിരെ ഉൾപ്പെടെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസുകളെല്ലാം പൊലീസ് അവസാനിപ്പിച്ചിരുന്നു.