സസ്പെൻഷൻ: കേരള രജിസ്ട്രാറുടെ ഹർജി തള്ളി

Thursday 11 September 2025 12:53 AM IST

□സിൻഡിക്കേറ്റ് വിളിച്ച് തീരുമാനമെടുക്കണം

കൊച്ചി: വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടിക്കെതിരെ കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനമെടുത്ത, കോറം തികയാത്ത രണ്ടാം സിൻഡിക്കേറ്റ് യോഗം നിയമപരമല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്.

അതേസമയം, സസ്‌പെൻഷൻ തുടരണോയെന്ന് തീരുമാനമെടുക്കാൻ സിൻഡിക്കേറ്റിന് അധികാരമുണ്ടെന്നും ഇതിനായി രജിസ്ട്രാർ ഇൻ ചാർജ് മുഖേന വൈസ് ചാൻസലർ സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നും നിർദ്ദേശിച്ചു. സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം വൈസ് ചാൻസലർക്കും ബാധകമായിരിക്കും. ചാൻസലറുടെ അധികാരത്തിന് വിധേയമായി തീരുമാനം നടപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.സിൻഡിക്കേറ്റ് തീരുമാനം മറികടക്കാൻ വി.സിക്ക് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഞായറാഴ്ച ദിവസം പ്രത്യേക യോഗം ചേർന്നാണ് സിൻഡിക്കറ്റ് സസ്‌പെൻഷൻ പിൻവലിച്ചതെന്നും അജൻഡയിൽ നിന്നു മാറിയാണ് വിഷയം പരിഗണിച്ചതെന്നും വി.സി ചൂണ്ടിക്കാട്ടി.

സിൻഡിക്കേറ്റ് വിളിക്കുന്നതുമായി ബന്ധപ്പെട്ട് വി.സിക്കാണ് അധികാരമെന്ന് മുൻ ഉത്തരവുകളും സർവകലാശാലാ ആക്ടുമടക്കം ഉദ്ധരിച്ച് കോടതി വ്യക്തമാക്കി. വി.സി വിളിച്ച യോഗം പിരിച്ചുവിട്ടതിന് പിന്നാലെ മറ്റൊന്ന് വിളിച്ച് അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം സിൻഡിക്കേറ്റ് അംഗങ്ങൾക്കില്ല. അതിനാൽ, സസ്‌പെൻഷൻ പിൻവലിച്ച തീരുമാനത്തിന് സാധുതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, സസ്‌പെൻഷൻ വിഷയം സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട വി.സിയുടെ ധാരണകളും ശരിയല്ല. സസ്‌പെൻഷൻ വിഷയം കൂടി അജണ്ടയിൽ ഉൾപ്പെടുത്തി വി.സിക്ക് യോഗം തുടരാമായിരുന്നു. യോഗം പിരിച്ചുവിടുന്നതിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് പൂർണ ബോദ്ധ്യമില്ലാത്തതിനാൽ ഇക്കാര്യത്തിൽ വി.സിയുടെ തീരുമാനത്തിന്റെ സാധുത പരിശോധിച്ചില്ല. തുടർന്നാണ് രജിസ്ട്രാറുടെ ഹർജി തള്ളിയത്.ഉന്നത വിദ്യാഭ്യാസത്തിന്റെ കാവൽക്കാരായ സർവകലാശാലയുടെ പ്രവർത്തനം രാഷ്ട്രീയ പരിഗണനകളുടെ പേരിൽ തടസ്സപ്പെടുത്തുന്നത് ഉചിതമല്ലെന്നും ഉത്തരവിൽ നിരീക്ഷിച്ചു.

.