കേരളത്തിൽ ഇടതിന് മൂന്നാം തുടർ ഭരണം ലഭിക്കും : ഡി.രാജ
ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർച്ചയായി മൂന്നാമതും അധികാരത്തിൽ വരുമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. അതിനായി ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ .
രാജ്യത്ത് ഏറ്റവും മികച്ച തരത്തിൽ സി.പി.ഐ പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. മുന്നിലുള്ളത് വലിയ വെല്ലുവിളികളാണെങ്കിലും ബംഗാളിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. വിപ്ളവകരമായ മാറ്റങ്ങൾക്ക് വിപ്ളവകരമായ പ്രവർത്തനമാണ് വേണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ എല്ലാവരും കൂട്ടായി പ്രവർത്തിക്കണം.രാജ്യത്തെ ഫാസിസ്റ്ര് രാജ്യമാക്കാനും മത രാഷ്ടമാക്കാനുമാണ് ബി.ജെ.പിയുടെ ശ്രമം.ജാതി മതങ്ങളുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആർ.എസ്.എസിന്റെ രാഷ്ട്രീയ പിമ്പായാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ഇവിടെയാണ് കേരള ജനതയെ അഭിനന്ദിക്കേണ്ടത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആർ.എസ്.എസ് ആശയം നടപ്പാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഒരു പാർട്ടി മാത്രമുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യം.
ഇന്ത്യൻ സാമ്പത്തിര രംഗം അമ്പേ തകർന്നിരിക്കുന്നു. എല്ലാറ്റിനും മോദി ഗ്യാരന്റി പറയുന്നു. എന്താണ് മോദി ഗ്യാരന്റി?. പാർലമെന്ററി ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്റെ റോൾ വളരെ ചെറുതാണ്. ലോക് സഭയിൽ ഇടതു പാർട്ടികൾക്ക് രണ്ടക്കമില്ല. ഇടത് ഐക്യം ശക്തിപ്പെടണം. കമ്യൂണിസ്റ്റുകാർ റോൾ മോഡലാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പോഷക സംഘടനകൾ കൂടുതൽ ശക്തമാവണം. ഇടതുപക്ഷം കേരളത്തിന്റെ
പരിചയാണെന്ന സന്ദേശം നൽകണം. കൂടുതൽ ആത്മവിശ്വാസം പകരുന്ന തീരുമാനങ്ങൾ സമ്മേളനത്തിൽ ഉണ്ടാവണമെന്നും രാജ ആഹ്വാനം ചെയ്തു.
ദേശീയ സെക്രട്ടേറിയറ്റംഗം ഡോ.കെ.നാരായണ, രാമകൃഷ്ണ പാണ്ഡെ,സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ്ബാബു, കെ.പി.രാജേന്ദ്രൻ, പി.സന്തോഷ് കുമാർ എം.പി തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ജനറൽ കൺവീനർ ടി.ജെ.ആഞ്ചലോസ് സ്വാഗതം പറഞ്ഞു.രാവിലെ വലിയ ചുടുകാട്ടിൽ നിന്ന് 100 അത്ലറ്റുകളുടെ അകമ്പടിയോടെ പുറപ്പെട്ട ദീപശിഖ സമ്മേളന നഗറിൽ ബിനോയ് വിശ്വം ഏറ്റുവാങ്ങി. കെ.ആർ.ചന്ദ്രമോഹൻ പതാക ഉയർത്തി.
സി.ദിവാകരനും പന്ന്യനുമെത്തി സസന്തോഷം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി മുതിർന്ന നേതാക്കളായ സി.ദിവാകരനും പന്ന്യൻ രവീന്ദ്രനുമെത്തി. എന്നാൽ ഔദ്യോഗിക പക്ഷവുമായി അകൽച്ചയിലുള്ള കെ.ഇ ഇസ്മയിൽ എത്തിയുമില്ല. പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച തന്നെ ആലപ്പുഴയിലെത്തിയിരുന്നു. ഇന്നലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് സി.ദിവാകരൻ എത്തിയത്. സദസിന്റെ മുൻ നിരയിൽ സി.ദിവാകരൻ ഇരുന്നപ്പോൾ പന്ന്യൻ വേദിയിലായിരുന്നു. തന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ വേദിയിൽ നിന്ന് ഇറങ്ങിവന്ന് സി.ദിവാകരനെ ആശ്ളേഷിച്ചു. അല്പ നിമിഷത്തെ കുശലപ്രശ്നങ്ങൾ. മറ്റു ചില മുതിർന്ന നേതാക്കളും ഈ കൂട്ടായ്മയിൽ പങ്കാളികളായി.