സി.പി.ഐ സംഘടനാ റിപ്പോർട്ട്: മദ്യ നയത്തിലും പൊലീസ് അതിക്രമങ്ങളിലും അതൃപ്തി

Thursday 11 September 2025 1:03 AM IST

ആലപ്പുഴ: സർക്കാരിന്റെ മദ്യ നയത്തെ വിമർശിച്ചും ,പൊലീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ചും സി.പി.ഐയുടെ പ്രവർത്തന റിപ്പോർട്ട്. സംസ്ഥാന സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ റിപ്പോർട്ടും ഒരുമിച്ചാണ് സെക്രട്ടറി ബിനോയ് വിശ്വം അവതരിപ്പിച്ചത്.

പൊലീസിന്റെ പെരുമാറ്റം വലിയ വിമർശനങ്ങൾ വരുത്തി വയ്ക്കുന്നതാണെന്ന് വിമർശിക്കുമ്പോഴും ആഭ്യന്തര വകുപ്പിനെതിരെ കടുത്ത ആക്രമണമില്ല. പൊലീസിന്റെ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നാണ് പറയുന്നത്.വിദേശ മദ്യത്തോടാണ് സർക്കാരിന് താത്പര്യം.ആ മേഖലയുമായി ബന്ധപ്പെട്ട് നയപരമായ പല നടപടികളും സ്വീകരിക്കുന്നുണ്ട്. എന്നാൽ കള്ള് വ്യവസായ മേഖലയോട് അവഗണനയാണ് സർക്കാർ കാട്ടുന്നത്.സാധാരണക്കാരായ കള്ള് ചെത്ത് തൊഴിലാളികൾക്കായി അത്തരം നടപടികളുണ്ടാവുന്നില്ല.

തുടർഭരണത്തിൽ ജനങ്ങളുടെ വലിയ സ്വാധീനമുണ്ടാക്കാനും അവരെ ആകർഷിക്കാനും കഴിയുന്ന നടപടികൾ വേണ്ടത്ര സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇടത് മുന്നണിയുടെ അടിത്തറ പാവപ്പെട്ട തൊഴിലാളികളാണെങ്കിലും അവരുടെ ക്ഷേമത്തിനായി കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല.കൃഷി വകുപ്പിന്റെ പ്രവർത്തനത്തിലുള്ള മതിപ്പില്ലായ്മയും റിപ്പോർട്ടിൽ പ്രകടിപ്പിക്കുന്നു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കാനായിട്ടില്ല.

ഇടതുമുന്നണി

ശക്തിപ്പെടണം

കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതു മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു സംസ്ഥാന, ജില്ലാ തലങ്ങളിൽ മാത്രമാണ് ഇപ്പോൾ യോഗങ്ങൾ ചേരുന്നത്. താഴെത്തട്ടു വരെ മുന്നണി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തണം. ഇടതുപക്ഷ മുന്നണിയുടെ ഭാഗമായ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് അണി നിരത്താൻ സാധിക്കണം. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വലിയ വിജയം കരസ്ഥമാക്കാനാവശ്യമായ കർമ്മ പരിപാടി ആവിഷ്കരിക്കണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് നേരിട്ടത്. തൃശൂർ സീറ്രിൽ ബി.ജെ.പി സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിഞ്ഞു. നിരവധി നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി ഗണ്യമായി വോട്ട് നേടിയത് ഗൗരവമായി കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.