സംഘപരിവാറിനെതിരെ വിശാല ഐക്യനിര വേണം: മുഖ്യമന്ത്രി
ആലപ്പുഴ: മത നിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കാൻ രാജ്യത്ത് സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ വിശാല ഐക്യ നിര രൂപപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മത നിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവിയെന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘപരിവാർ പ്രചരിപ്പിക്കുന്ന ചരിത്രം, സംസ്കാരം, കാവിവൽക്കരണം ഇവയ്ക്കെല്ലാമെതിരായ പൊതു ഇടങ്ങൾക്ക് ഫലപ്രദമായ നേതൃത്വം കൊടുക്കാൻ ഇടതുപക്ഷത്തിന് കഴിയണം.ഫെഡറലിസം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഒറ്റ കമ്പോളമായി രാജ്യത്തെ കാണുകയെന്നത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ്.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതി നടപ്പിൽ വരുത്താനാണ് ആർ.എസ്.എസ് ശ്രമിച്ചത്..സംസ്ഥാനങ്ങളുടെ നികുതിയിൽ കൈ കടത്തുന്ന കേന്ദ്രം കേരളത്തിന് അർഹതപ്പെട്ട നികുതി വരുമാനം നിഷേധിക്കുന്നു. പ്രസിഡൻഷ്യൽ ഭരണമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്.ബി.ജെ.പി ഇതര സർക്കാരുകളെ ദ്രോഹിക്കുന്ന ബി.ജെ.പി സർക്കാർ ,നികുതി ജി.എസ്.ടിയിലേക്ക് മാറ്റുകയും സെസ് ഈടാക്കൽ സാർവത്രികമാക്കുകയും ചെയ്ത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ തകർത്തു. ഇത്തരം പ്രതിസന്ധികൾക്കിടയിലും തൊണ്ണൂറായിരം കോടി രൂപയുടെ വികസനം കേരളത്തിൽ കിഫ്ബിയിലൂടെ നടപ്പിലാക്കി.
ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെ സഹായിക്കും. ഇത് രണ്ടും എതിർക്കപ്പെടണം. തദ്ദേശ തിരഞ്ഞെടുപ്പിൽ 25 ശതമാനം സീറ്റും, നിയമസഭാ മത്സരത്തിൽ വൻ മുന്നേറ്റവുമെന്ന പ്രഖ്യാപനത്തിലൂടെ കേരളത്തെ ബി.ജെ.പി ടാർജറ്റ് ചെയ്തിരിക്കുകയാണ്. ബി.ജെ.പി ക്ക് നൽകുന്ന ഓരോ വോട്ടും കേരളത്തനിമ തകർക്കും. ജുഡീഷ്യറിയെപ്പോലും വരുതിയിലാക്കുന്ന ബി.ജെ.പിയും കേന്ദ്രവും അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്- മുഖ്യമന്ത്രി പറഞ്ഞു.. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മോഡറേറ്ററായിരുന്നു.
ഭിന്നിപ്പിച്ച് ഭരണം :
നടൻ പ്രകാശ് രാജ്
ഭാഷയുടേയും മതചിന്താഗതിയുടേയും നിലപാടിന്റേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ആശ്വാസകരമല്ലെന്ന് നടൻ പ്രകാശ് രാജ്. സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓണവും ദസ്റയും പോലുള്ള മതേതര ആഘോഷങ്ങൾ ഹിന്ദുത്വവൽക്കരിക്കാനാണ് സംഘപരിവാർ ശ്രമം. അവയെ പരാജയപ്പെടുത്താനായി പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ നന്ദി പറഞ്ഞു.