സി.ദിവാകരനും പന്ന്യനുമെത്തി സസന്തോഷം

Thursday 11 September 2025 1:06 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളന ഉദ്ഘാടന ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളായി മുതിർന്ന നേതാക്കളായ സി.ദിവാകരനും പന്ന്യൻ രവീന്ദ്രനുമെത്തി. എന്നാൽ ഔദ്യോഗിക പക്ഷവുമായി അകൽച്ചയിലുള്ള കെ.ഇ ഇസ്മയിൽ എത്തിയുമില്ല.

പന്ന്യൻ രവീന്ദ്രൻ ചൊവ്വാഴ്ച തന്നെ ആലപ്പുഴയിലെത്തിയിരുന്നു. ഇന്നലെ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയാണ് സി.ദിവാകരൻ എത്തിയത്. സദസിന്റെ മുൻ നിരയിൽ സി.ദിവാകരൻ ഇരുന്നപ്പോൾ പന്ന്യൻ വേദിയിലായിരുന്നു. തന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജ വേദിയിൽ നിന്ന് ഇറങ്ങിവന്ന് സി.ദിവാകരനെ ആശ്ളേഷിച്ചു. അല്പ നിമിഷത്തെ കുശലപ്രശ്നങ്ങൾ. മറ്റു ചില മുതിർന്ന നേതാക്കളും ഈ കൂട്ടായ്മയിൽ പങ്കാളികളായി.