സമ്മേളനത്തിന് സാക്ഷികളാകാൻ പിൻതലമുറക്കാർ

Thursday 11 September 2025 1:07 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ ക്ഷണിതാക്കളായി മുതിർന്ന നേതാക്കളുടെ പിൻതലമുറക്കാരും.

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരിലുള്ള സമ്മേളന നഗറിൽ മകൻ സന്ദീപ് രാജേന്ദ്രൻ എത്തിയിരുന്നു. സി.പി.ഐ ദേശീയ കൗൺസിലിന്റെ ഭാഗമായി നടന്ന പരിപാടിയിൽ കാനത്തിന്റെ കുടുംബത്തെ ക്ഷണിക്കാതിരുന്നത് അടുത്തിടെ വിവാദമായിരുന്നു. സമ്മേളനത്തിൽ ക്ഷണിതാവായി പോലും മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെ ഉൾപ്പെടുത്തിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ ബൈജു ഇസ്മയിലും സഹോദരൻ കെ.ഇ.ഹനീഫയും എത്തി. സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവാദമില്ലാത്തിൽ ദുഃഖമുണ്ടെന്ന് കഴിഞ്ഞ ദിവസം കെ.ഇ.ഇസ്മയിൽ ഫേസ്ബുക്ക് കുറിച്ചിരുന്നു. മുതിർന്ന നേതാവ് വർഗ്ഗീസ് വൈദ്യന്റെ മകൻ ചെറിയാൻ കൽപ്പകവാടി, സി.കെ.കുഞ്ഞുരാമന്റെ മകൾ ഇന്ദിര എന്നിവരും പി.കെ.വാസുദേവൻ നായർ, എസ്.കുമാരൻ, വെളിയം ഭാ‌ർഗവൻ, സി.കെ.ചന്ദ്രപ്പൻ, എം.ഡി.ചന്ദ്രസേനൻ, സി.കെ.കേശവൻ തുടങ്ങി മൺമറഞ്ഞ നേതൃനിരയുടെ പിൻതലമുറക്കാരും നേതാക്കളുടെ ഓർ‌മ്മ പുതുക്കി സമ്മേളനത്തിനെത്തി.