ബി.ജെ.പിക്കെതിരായ വിശാല ഐക്യം അനിവാര്യം: സി.പി.ഐ
ആലപ്പുഴ:രാജ്യത്ത് ബി.ജെ.പിയുടെ വളർച്ച കണക്കുകൂട്ടലിന് അപ്പുറമാണെന്നും,
ബി.ജെ.പിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യമാണെന്നും സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു.
സ്വേച്ഛാധിപത്യം, കോർപ്പറേറ്റ് ആധിപത്യം, വർഗീയ ധ്രുവീകരണം എന്നിവയാൽ അടയാളപ്പെടുത്തിയിരിക്കുന്ന കാലഘട്ടത്തിൽ ഇടതുപക്ഷ പുരോഗമന ശക്തികൾക്കിടയിൽ ഐക്യത്തിന്റെ അടിയന്തര ആവശ്യകത സി.പി.ഐ തിരിച്ചറിയുന്നു. മറ്റ് ഇടതുപക്ഷ പാർട്ടികളുടെ സഹകരണത്തോടെ ,തൊഴിലാളികളുടെയും കർഷകരുടെയും യുവാക്കളുടെയും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന ഇടത്പക്ഷ ഐക്യം വളർത്തിക്കൊണ്ടു വരണം. അതിനെ അടിസ്ഥാനമാക്കി ജനാധിപത്യം മതേതര ശക്തികളുമായി ഐക്യമുന്നണി രൂപപ്പെടുത്താനും സി.പി.ഐ ലക്ഷ്യമിടുന്നു.
ഐക്യം തിരഞ്ഞെടുപ്പ് ഗണിതമാക്കരുത്. അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ല. അധികാരമുപയോഗിച്ച് സമഗ്രമേഖലയിലും ബി.ജെ.പി കടന്നു കയറി. തിരഞ്ഞെടുപ്പുകളിൽ
പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള അവസരമാക്കി മാറ്റണം. നേതൃതലത്തിൽ പുതു തലമുറയെ വളർത്തിക്കൊണ്ടു വരണം
മതേതര ജനാധിപത്യ ഇന്ത്യയെ സ്വേച്ഛാധിപത്യ ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സംഘപരിവാർ ശ്രമിക്കുന്നു. ഇത് ഭരണഘടനയുടെയും സാമൂഹ്യഘടനയുടെയും നിലനിൽപ്പിന് ഭീഷണിയാണ്. വർഗീയത, ജാതീയമായ അടിച്ചമർത്തൽ, പുരുഷാധിപത്യം, കോർപ്പറേറ്റ് ചൂഷണം എന്നിവയ്ക്കെതിരെ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പോരാട്ടങ്ങൾ ഉയരണം. ഇതോടൊപ്പം , ദേശീയ രാഷ്ട്രീയത്തിൽ ശക്തമായ ഇടതുപക്ഷ ശബ്ദത്തിനായി പാർലമെന്റിലും നിയമസഭകളിലും ബഹുജന സംഘടനകൾക്കിടിയിലും
ഏകോപനം ശക്തിപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.