പ്രത്യേക അതിഥിയായി വി.എ. അരുൺ കുമാർ

Thursday 11 September 2025 1:12 AM IST

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ക്ഷണിതാവായി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാറും. സി.പി.ഐയുടെ ശതാബ്ദി സമ്മേളനത്തോടനുബന്ധിച്ച് മുതിർന്ന നേതാവായ വി.എസ്. അച്യുതാനന്ദനോടുള്ള ആദര സൂചകമായാണ് അരുൺകുമാറിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ടാണ് ക്ഷണിച്ചത്.

സദസിൽ മുൻനിരയിൽ ഇരുന്ന അരുൺ കുമാറിനെ ബിനോയ് വിശ്വമുൾപ്പെടെയുള്ള നേതാക്കളെത്തി അഭിവാദ്യം ചെയ്തു. മുൻമന്ത്രി സി.ദിവാകരൻ അരുൺകുമാറിനൊപ്പമിരുന്നാണ് ചടങ്ങിൽ സംബന്ധിച്ചത്. ദേശീയ ജനറൽ സെക്രട്ടറി ഡി.രാജയുടെ ഉദ്ഘാടനപ്രസംഗവും പിന്നീട് നടന്ന സി.പി.ഐയുടെ യൂട്യൂബ് ചാനലായ കനലിന്റെ ഉദ്ഘാടനച്ചടങ്ങും വീക്ഷിച്ച് സമ്മേളനം ഉച്ചഭക്ഷണത്തിനായി പിരിഞ്ഞപ്പോഴാണ് അരുൺകുമാർ മടങ്ങിയത്. സമ്മേളന പ്രതിനിധികളുൾപ്പെടെ നിരവധിപേർ അരുൺകുമാറിന്റെ അടുത്തെത്തി സെൽഫിയെടുത്തു.