ഗണേഷ് കുമാറിന്റെ പരിഷ്കാരം ഫലം കണ്ടു, ഈ ജില്ലയിൽ ഒറ്റദിവസം കെഎസ്ആർടിസി നേടിയത് 49 ലക്ഷം രൂപ
കണ്ണൂർ: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഒരു ദിവസം കൊണ്ട് നേടിയത് 49 ലക്ഷം രൂപയുടെ കളക്ഷൻ. ഓണം കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ചയാണ് ഈ നേട്ടം. 49,73,967 രൂപയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ഒറ്റദിവസം കണ്ണൂർ കെ.എസ്.ആർ.ടി.സി നേടിയത്. ഇത് ജില്ലയിലെ കെ.എസ്.ആർ.ടി.സി യുടെ സർവകാല റെക്കോഡാണ്.
കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി ഡിപ്പോകൾ ചേർന്നാണ് നേട്ടം കൈവരിച്ചത്. കണ്ണൂർ ഡിപ്പോയ്ക്ക് മാത്രം ലഭിച്ചത് 25,26,330 രൂപയാണ്. പയ്യന്നൂർ ഡിപ്പോയിൽ നിന്ന് 12,35,617 രൂപയും തലശ്ശേരിയിൽ നിന്ന് 12,12,020 രൂപയും ലഭിച്ചു. അവധികൾക്ക് ശേഷമുള്ള തിരക്ക് കണക്കിലെടുത്ത് പ്രസ്തുത ദിവസം അധിക സർവീസുകൾ നടത്തിയിരുന്നു. കണ്ണൂർ ഡിപ്പോയിൽ നിന്ന് 102 ബസുകൾ നിരത്തിലിറങ്ങി. ട്രെയിനിലെ തിരക്കും ടിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ടും കെ.എസ്.ആർ.ടി.സിയെ കൂടുതൽ യാത്രക്കാർ ആശ്രയിക്കുകയായിരുന്നു.
മറ്ര് സംസ്ഥാനങ്ങളിലേക്കും കണ്ണൂരിൽ നിന്ന് സർവീസുകളുണ്ടായിരുന്നു. ഇത് ദീർഘദൂര, അന്തർസംസ്ഥാന യാത്രക്കാർക്കും ഉപകാരപ്പെട്ടു. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ, ദിവസം ആറ് സർവീസുകളാണ് ഉണ്ടായിരുന്നത്. സ്വകാര്യ ബസുകാരുടെ കൂടിയ നിരക്കും കെ.എസ്.ആർ.ടി.സിയിലേക്ക് യാത്രക്കാരെ ആകർഷിച്ചു.
മുൻവർഷത്തേക്കാൾ ഇരട്ടി
കഴിഞ്ഞ വർഷം ഉത്രാട ദിനത്തിൽ 22,87,233 രൂപയാണ് കണ്ണൂരിൽ നേടാനായത്. ഇത്തവണ ഇരട്ടിയിലേറെ വരുമാനം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജീവനക്കാർ. ജനങ്ങൾ കെ.എസ്.ആർ.ടി.സിയെ സ്വീകരിക്കുന്നതിന്റെ തെളിവാണിതെന്ന് ജീവനക്കാർ പറഞ്ഞു. വരാൻ പോകുന്ന അവധിക്കാലത്തും തിരക്കിന് സാദ്ധ്യതയുള്ളതായും പറയുന്നു. വിനോദ സഞ്ചാരത്തിനായി ഒരുക്കുന്ന ഉല്ലാസ യാത്രകളിലും ജില്ലയിലെ കെ.എസ്.ആർ.ടി.സി മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
സംസ്ഥാനത്ത് 10.19 കോടി
തിങ്കളാഴ്ച മാത്രം കെ.എസ്.ആർ.ടി.സ് സംസ്ഥാനത്ത് നേടിയത് 10.19 കോടി രൂപയുടെ ടിക്കറ്റ് വരുമാനമാണ്. ഇത് കെ.എസ്.ആർ.ടി.സി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമാണ്. 4607 ബസുകൾ നിരത്തിലിറങ്ങി. 2024ൽ ശബരിമല മണ്ഡലകാലത്ത് നേടിയ 9.22 കോടിയുടെ റെക്കോഡിനെയാണ് മറികടന്നത്. നോർത്ത് സോണിൽ മൂന്നാമതാണ് കണ്ണൂരുള്ളത്. ഏറ്റവും കൂടുതൽ വരുമാനം നേടിയത് കോഴിക്കോടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ എന്നിവയാണ് നോർത്ത് സോണിൽ ഉൾപ്പെടുക.
ആദ്യമായാണ് ജില്ലയിൽ ഇത്രയും വലിയ വരുമാനം നേടുന്നത്. ഇനിയും യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് മുന്നോട്ടു പോകാൻ കഴിയും. - ജില്ല ട്രാൻസ്പോർട്ട് ഓഫീസ്