പേരൂർക്കടയിലെ വ്യാജ മോഷണക്കേസ്; നടപടി വേണമെന്ന് നിർദേശം, റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും
തിരുവനന്തപുരം: ആർ ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ പരിഗണിക്കും. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെതിരെയും നടപടി വേണമെന്നാണ് ഡിവെെഎസ്‌പി വിദ്യാധരന്റെ റിപ്പോർട്ട്. ഓമന ഡാനിയലിന്റെ പരാതിയിലാണ് ബിന്ദുവിനെ പേരൂർക്കട പൊലീസ് 20 മണിക്കൂർ അനധികൃത കസ്റ്റഡിയിൽ വച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ നിർദേശപ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്‌സാണ്ടർ തോമസാണ് റിപ്പോർട്ട് പരിഗണിക്കുന്നത്.
അതേസമയം, വ്യാജ മോഷണക്കേസിൽ പുതിയ വഴിത്തിരിവായി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ ബിന്ദുവിനെ കുടുക്കാൻ പൊലീസ് കള്ളക്കഥ മെനഞ്ഞതാണെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
മറവി പ്രശ്‌നമുള്ള വീട്ടുടമസ്ഥ ഓമന ഡാനിയൽ മോഷണം പോയതായി ആരോപിക്കപ്പെട്ട മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെവച്ച് മറക്കുകയായിരുന്നു. മാല പിന്നീട് ഓമന ഡാനിയൽ തന്നെ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. മാല വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് കണ്ടെത്തിയെന്ന പൊലീസിന്റെ വാദം തെറ്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട എസ്‌എച്ച്‌ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.