അവസാനം അടിതെറ്റി അർജന്റീനയും ബ്രസീലും

Thursday 11 September 2025 8:56 AM IST

ക്വിറ്ര( ഇക്വഡോർ) : ലാറ്റിനമേരിക്കൻ ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങൾ തോൽവിയോടെ അവസാനിപ്പിച്ച് ലോക ചാമ്പ്യന്മാരായ അർജന്റീനയും മുൻ ജേതാക്കളായ ബ്രസീലും. പെനാൽറ്റി ഗോളുകളിൽ അർജന്റീന ഇക്വഡോറിനോടും ബ്രസീൽ ബൊളീവിയയോടുമാണ് 1-0ത്തിന് തോറ്റത്. അർജന്റീനയും ബ്രസീലും ഇക്വഡോറും നേരത്തേ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ടീമുകളാണ്.

ഇക്വഡോറിൽ നടന്ന പോരാട്ടത്തിൽ ഒന്നാം പകുതിയടെ അധിക സമയത്ത് സൂപ്പർതാരം എന്നാർ വലൻസിയ നേടിയ പെനാൽറ്റി ഗോളാണ് ഇക്വഡോറിന് ജയം സമ്മാനിച്ചത്. 31-ാം മിനിട്ടിൽ അർജൻഡീനയുടെ നിക്കോളാസ് ഓട്ടാമെൻഡിയും 50-ാം മിനിട്ടിൽ ഇക്വഡോറിന്റെ മോയ്‌സസ് കസെയ്‌ഡോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് ഇരുടീമും മത്സരം പൂർത്തിയാക്കിയത്. വിശ്രമം അനുവദിച്ചിരുന്നതിനാൽ ഇതിഹാസ താരം ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇക്വഡോറിനെ നേരിട്ടത്. 18 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുള്ള അർജന്റീന പോയിന്റ് ടേബിളിലെ ഒന്നാമൻമാരും 29 പോയിന്റുള്ള ഇക്വഡോർ രണ്ടാം സ്ഥാനക്കാരുമാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയങ്ങളിൽ മുൻ പന്തിയിലുള്ള ബൊളീവിയയിലെ എൽ ആൾട്ടോ സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ ഒന്നാം പകുതിയുടെ അധിക സമയത്ത് (45+4) പെനാൽറ്റി ഗോളാക്കി മിഗ്വെൽ ടെർസെറസാണ് ആതിഥേയർക്ക് ജയം സമ്മാനിച്ചത്.1994ന് ശേഷം ലോകകപ്പ് യോഗ്യതയുടെ പടിവാതിൽക്കലാണ് ബൊളീവിയ. പോയിന്റ് ടേബിളിൽ 7-ാം സ്ഥാനത്തുള്ള ബൊളീവിയ കോൺടിനെന്റൽ പ്ലേഓഫിന് യോഗ്യത ഉറപ്പിച്ചിരിക്കുകയാണ്.

ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത ഉറപ്പിച്ച ടീമുകൾ - അർജന്റീന,ഇക്വഡോർ,കൊളംബിയ, ഉറുഗ്വായ്, ബ്രസീൽ,പരാഗ്വെ

കോണ്ടിനന്റൽ പ്ലേ ഓഫ് - ബൊളീവിയ