'വേടനെ  സ്ഥിരം  കുറ്റവാളിയാക്കാൻ  ശ്രമം, പിന്നിൽ രാഷ്ട്രീയ  ഗൂഢാലോചന'; മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

Thursday 11 September 2025 8:56 AM IST

കൊച്ചി: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്റെ കുടുംബം രംഗത്ത്. അന്വേഷണം നടത്തി ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാണ് ആവശ്യം. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് വേടന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നുമാണ് ആരോപണം. തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് മുൻകൂർ ജാമ്യാപേക്ഷിൽ വേടനും കോടതിയിൽ വാദിച്ചിരുന്നു.

അതേസമയം, വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തൃക്കാക്കര പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി അഞ്ചുതവണ പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ യുവ ഡോക്ടറുടെ പരാതി. കോട്ടയം സ്വദേശിയാണ് പരാതിക്കാരി.

മുൻകൂർ ജാമ്യമുളളതിനാൽ വൈദ്യ പരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 10ന് വേടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. 100 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി തയാറാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങൾ വേടൻ തള്ളിയതായാണ് വിവരം.കോടതിയുടെ പരിഗണനയിലുള്ള കേസിനെക്കുറിച്ച് സംസാരിക്കാനില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും കേസ് പൂർണമായി തീർന്നശേഷം തന്റെ ഭാഗം പറയാമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.