ഒരിക്കലും അംഗീകരിക്കാനാകില്ല, ടച്ചിംഗ്സിന്റെ കാശ് കുപ്പിക്കായി നൽകേണ്ടിവരുന്നു; ബിവറേജിലെ പുതിയ മാറ്റത്തിനെതിരെ മദ്യപാനികൾ

Thursday 11 September 2025 10:12 AM IST

കണ്ണൂർ: സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകൾ വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികൾ പരീക്ഷണാടിസ്ഥാനത്തിൽ സ്വീകരിക്കുന്ന പദ്ധതിയോട് മുഖംതിരിച്ച് ജില്ലയിലെ മദ്യപാനികൾ. വാങ്ങിയ പ്ലാസ്റ്റിക് മദ്യകുപ്പികൾ തിരികെയേൽപ്പിക്കുമ്പോൾ അധികമായി ഈടാക്കുന്ന ഇരുപത് രൂപ തിരിച്ചു കൊടുക്കുന്ന പദ്ധതി ജില്ലയിലെ 10 ഔട്ട്ലെറ്റുകളിലാണ് നടപ്പാക്കിയത്.

ഒന്നാം ദിവസം പദ്ധതി മദ്യവിൽപനയെ ചെറിയതോതിൽ ബാധിച്ചതായി ജീവനക്കാർ പറഞ്ഞു. ഇരുപത് രൂപ അധികം വാങ്ങുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് മദ്യപാനികളുടെ നിലപാട്. അൻപത് രൂപയ്ക്ക് ഹരിത കർമ്മ സേന പ്ലാസ്റ്റിക് കുപ്പികൾ എടുക്കുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ വാങ്ങിക്കുന്നതിൽ സർക്കാരിനോട് പ്രതിഷേധവുമറിയിച്ചാണ് പലരും മദ്യം വാങ്ങി മടങ്ങിയത്.

പ്ലാസ്റ്റിക് കുപ്പികളിൽ ധാരാളമായി മദ്യം വിൽപന ചെയ്യുന്ന സാധാരണ കൗണ്ടറുകളിൽ ഉച്ചയോടെ നൂറിനടുത്ത് പ്ലാസ്റ്റിക് കുപ്പികൾ മാത്രമാണ് തിരികെയെത്തിയത്. അതേസമയം പ്രീമിയം കൗണ്ടറുകളിൽ തിരികെയെത്തിയ കുപ്പികളുടെ എണ്ണം രണ്ടക്കം തികഞ്ഞില്ല.

ചില വിരുതൻമാർ ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യകുപ്പിയുമായി വന്ന് സ്റ്റിക്കർ മാറ്റി ഒട്ടിച്ച് തിരിച്ചേൽപ്പിക്കുകയും ചെയ്തു. മദ്യം വാങ്ങിയ സ്ഥലത്തു തന്നെ കുപ്പികൾ തിരിച്ചേൽപ്പിക്കണമെന്ന തീരുമാനം മാറ്റണമെന്ന ആവശ്യവും മദ്യപർക്കുണ്ട്. പണം കൂട്ടിയതറിയാതെ ടച്ചിംഗ്സിന് വച്ച പണം കൊണ്ട് മദ്യം വാങ്ങേണ്ടി വന്ന വിഷമവും ഇവർ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

ജീവനക്കാരും ആശങ്കയിൽ

പുതിയ പരിഷ്കരണത്തിൽ ജീവനക്കാരും ആശങ്കയിലാണ്. തിരക്കുള്ള ദിവസങ്ങളിൽ ഇത് വിൽപനയെ ബാധിക്കുമെന്നാണ് ജീവനക്കാരുടെ അഭിപ്രായം. തിരിച്ചെത്തിയ കുപ്പികളിൽ സ്റ്റിക്കർ പതിക്കാൻ എടുക്കുന്ന സമയം നീണ്ട നിരയ്ക്കും ഇടയാക്കും. അന്യസംസ്ഥാന തൊഴിലാളികളെ കാര്യം പറഞ്ഞു മനസിലാക്കുവാനും ഇന്നലെ ജീവനക്കാർ പാടുപെട്ടു. രാത്രി 9ന് കൗണ്ടർ അടച്ചുകഴിഞ്ഞാൽ തിരിച്ചുവന്ന കുപ്പികളുടെ എണ്ണം തിട്ടപ്പെടുത്തേണ്ട അധികഭാരവും ജീവനക്കാരിൽ വന്നു ചേർന്നിരിക്കുകയാണ്. ജില്ലയിൽ പാറക്കണ്ടി, താണ, കീഴ്ത്തള്ളി, പാടിക്കുന്ന്, ചക്കരക്കൽ, ചിറക്കുനി, കൂത്തുപറമ്പ്, പാണപ്പുഴ, കേളകം, പയ്യന്നൂർ ബീവറേജ് ഔട്ട്ലെറ്റുകളിലാണ് പദ്ധതി നടപ്പിലാക്കിയത്.

സാധാരണ ദിവസങ്ങളിലുള്ളതിലും കുറവ് തിരക്കാണ് ഇന്നുണ്ടായത്. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ സ്റ്റിക്കറൊട്ടിക്കൽ ഉൾപ്പെടെയുള്ളത് എങ്ങനെ ചെയ്യുമെന്ന ആശങ്കയുണ്ട് - ബെവ്കോ ജീവനക്കാരൻ