മാസം 31000 രൂപ കിട്ടും, പ്രസവിക്കും മുൻപേ ഒരു ലക്ഷം അക്കൗണ്ടിലെത്തും; ഇനിയെന്തിന് ടെൻഷൻ

Thursday 11 September 2025 10:46 AM IST

സിയോൾ: ദക്ഷിണ കൊറിയൻ സർക്കാരിൽ നിന്ന് പ്രസവധനസഹായമായി ഭീമൻ തുക ലഭിച്ചെന്ന വൈറൽ പോസ്​റ്റുമായി ഇന്ത്യൻ യുവതി. നേഹ അറോറയെന്ന യുവതിക്കാണ് പ്രസവത്തിനായി മാത്രം 1.26 ലക്ഷം രൂപ സർക്കാർ അനുവദിച്ചത്. ഗർഭകാലത്തെ വീഡിയോ ഇൻസ്​റ്റഗ്രാമിൽ പങ്കുവച്ചാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണ കൊറിയക്കാരനെയാണ് യുവതി വിവാഹം കഴിച്ചത്. ഗർഭം സ്ഥിരീകരിച്ച യുവതിക്ക് കൂടുതൽ പരിശോധനകൾക്കായി ആദ്യ ഗടുവെന്ന നിലയിൽ 63,100 രൂപയും ഗതാഗത ചെലവുകൾക്കായി 44,030 രൂപയും സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. കുഞ്ഞിന് രണ്ട് വയസ് തികയുന്നതുവരെ മാസം 31,000 രൂപ ലഭിക്കുമെന്നും എട്ട് വയസുവരെ 12,600 രൂപ മാസം തോറും ലഭിക്കുമെന്നും യുവതി വീഡിയോയിൽ പറയുന്നു.

വീഡിയോ വൈറലായതോടെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രസവിക്കാനായി ഇന്ത്യൻ സർക്കാർ ഇതുപോലെ പണം നൽകിയാൽ ജനസംഖ്യ ഒരു ട്രില്യൺ (1,000,000,000,000) ആകുമെന്ന് ഒരാൾ കമന്റ് ചെയ്തു. കൊറിയയിലെ ജനസംഖ്യ കുറയുന്നതുകൊണ്ടാണ് സർക്കാർ ഇത്തരത്തിലുളള പദ്ധതികൾ കൊണ്ടുവരുന്നതെന്ന് മ​റ്റൊരാളും കമന്റ് ചെയ്തു.

ദക്ഷിണ കൊറിയയിലെ ശിശുജനനിരക്ക് കുറവായതിനാൽ വിവിധ തരത്തിലുളള പദ്ധതികളാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. കൊറിയൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരമനുസരിച്ച് കുഞ്ഞുങ്ങളെ മികവു​റ്റ രീതിയിൽ പരിപാലിക്കുന്നതിനായി ഒരു വയസുവരെ 2,000,000 രൂപയാണ് സഹായിക്കുന്നത്. പ്രസവാനന്തര ചികിത്സയ്ക്കും വിവിധയിടങ്ങൾ ദക്ഷിണ കൊറിയൻ സർക്കാർ ഒരുക്കിയിട്ടുണ്ട്.