ഒരുവർഷം വരെ കേടാകാതെ സൂക്ഷിക്കാം, രുചി വ്യത്യാസമുണ്ടാകില്ല: വരുന്നു കെ-ടൊഡി

Thursday 11 September 2025 11:37 AM IST

കൊച്ചി: 'കെ-ടോഡി' എന്ന പേരിൽ ബ്രാൻഡഡ് മധുരക്കള്ള് കുപ്പിയിൽ ലഭ്യമാക്കാൻ കേരള കള്ളു വ്യവസായ വികസന ബോർഡ്. ഇതിന്റെ സാങ്കേതിക വിദ്യയ്‌ക്കായി താത്പര്യപത്രം ക്ഷണിച്ചു. വ്യക്തികൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും പങ്കെടുക്കാം. വിദേശത്ത് നിന്നുൾപ്പെടെ ഏതാനുംപേർ അന്വേഷണവുമായി എത്തിയെങ്കിലും താത്പര്യപത്രം സമർപ്പിച്ചിട്ടില്ല. ഒക്ടോബർ 31വരെയാണ് സമയം.

രുചി വ്യത്യാസമില്ലാതെ സാധാരണ അന്തരീക്ഷത്തിൽ ഒരുവർഷം വരെ കേടാകാതെ സൂക്ഷിക്കാൻ കഴിയുന്നതാകണം സാങ്കേതികവിദ്യ. പാസ്ചറൈസ് ചെയ്യാതെയും രാസവസ്തുക്കൾ ഉപയോഗിക്കാതെയുമാവണം. ടോഡി ബോർഡ് പ്രൊമോട്ട് ചെയ്യുന്ന നിർദ്ദിഷ്ട ഫോർ, ഫൈവ് സ്റ്റാർ റസ്റ്റോറന്റ് ആൻഡ് ടോഡി പാർലറുകളിലൂടെയും പിന്നീട് അന്യസംസ്ഥാനങ്ങളിലും വിൽക്കാനും കയറ്റുമതി ചെയ്യാനുമാണ് ബോർഡിന്റെ പദ്ധതി.

കൊച്ചിയിലെ ഒരു ബയോടെക്നോളജി കമ്പനിയും മറ്റൊരു സ്റ്റാർട്ടപ്പും നേരത്തേ സമാനമായ സാങ്കേതിക വിദ്യകളുമായി ടോഡി ബോർഡിനെ സമീപിച്ചിരുന്നു. കാർഷിക സർവകലാശാലയോടും ദേശീയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിനോടും ബോർഡ് ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഉത്പാദനം, വിതരണം തീരുമാനം പിന്നീട്

വിദേശ വിപണിയിൽ ശ്രീലങ്കൻ, ഫിലിപ്പീൻസ് കുപ്പിക്കള്ള് ഇപ്പോൾ ലഭ്യമാണെങ്കിലും കേരള കള്ളിന്റെ സ്വാദില്ല

ആര് ഉത്പാദനവും വിതരണവും നടത്തുമെന്നും ടോഡി ബോർഡിന്റെ പങ്കാളിത്തം എങ്ങനെയാകണമെന്നതും മറ്റും ചർച്ചകളിലൂടെ തീരുമാനിക്കും

''സാങ്കേതികവിദ്യ അംഗീകരിക്കപ്പെട്ടാൽ കാലതാമസമില്ലാതെ ബ്രാൻഡഡ് കള്ള് വിപണിയിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. മറ്റ് നിയമപരമായ തടസങ്ങളെല്ലാം തരണം ചെയ്തിട്ടുണ്ട്

-ജി​. അനി​ൽകുമാർ, സി​.ഇ.ഒ,

കേരള കള്ള് വ്യവസായ വികസന ബോർഡ്