പ്രണയവിവാഹം, വാട്‌സാപ്പ് സ്റ്റാറ്റസിന്റെ പേരിൽ വഴക്ക്; മീരയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
പാലക്കാട്: പുതുപ്പരിയാരം പൂച്ചിറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇന്നലെയാണ് മാട്ടുമന്ത ചോളോട് സിഎൻ പുരം സ്വദേശിനി മീര (32) മരിച്ചത്. സംഭവത്തിൽ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പൊലീസ് ചോദ്യം ചെയ്യും. മീരയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
അനൂപും മീരയും തമ്മിൽ നിരന്തരം വഴക്കിടുമായിരുന്നെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. യുവതിയുടെ അമ്മയുടെ മൊഴിപ്രകാരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയ വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്.
അടുത്തിടെയായിരുന്നു വിവാഹവാർഷികം. അന്ന് ഭർത്താവ് വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇടാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിയ മീര ചൊവ്വാഴ്‌ച സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാൽ, അന്ന് രാത്രി 11 മണിയോടെ അനൂപെത്തി മീരയെ പുതുപ്പരിയാരത്തെ തന്റെ വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു. തുടർന്ന് ബുധനാഴ്‌ച രാവിലെ ആറ് മണിയോടെയാണ് അടുക്കളയ്‌ക്ക് സമീപമുള്ള വർക്ക് ഏരിയയിലെ സീലിംഗിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിയനിലയിൽ മീരയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവസമയത്ത് അനൂപും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണവിവരം പൊലീസാണ് മീരയുടെ വീട്ടിൽ അറിയിച്ചത്. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭക്ഷണ ഡെലിവറിയാണ് അനൂപിന്റെ ജോലി.
ഭർതൃപീഡനം ആരോപിച്ച് ഇതുവരെ സ്റ്റേഷനിൽ രേഖാമൂലം പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എസ്‌എച്ച്‌ഒ കെ ഹരീഷ് പറഞ്ഞത്. മീരയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മകൾ മരിക്കാനുള്ള കാരണത്തിൽ വ്യക്തത വരുത്തണമെന്ന മീരയുടെ അമ്മയുടെ മൊഴിപ്രകാരമാണ് അന്വേഷണം ആരംഭിച്ചിച്ചത്. പരേതനായ സുന്ദരനാണ് മീരയുടെ അച്ഛൻ. അമ്മ - സുശീല.