ചെറുപ്രായത്തിൽ ഇങ്ങനെയൊരു ചിന്തയോ? ചൂരൽമലയിലും കുട്ടി എത്തി, റൂഹിയുടെ പ്രവൃത്തികൾ നിങ്ങളെ അമ്പരപ്പിക്കും
കോഴിക്കോട്: ഒന്നാം ക്ലാസുകാരി റൂഹിക്ക് ഒരു സ്വപ്നമുണ്ട്. രാജ്യത്തെ 10,000 സ്‌കൂളുകൾ ഹരിതാഭമാക്കണം. അതിനായി ഒരു കോടി തൈ നൽകണം. പാറോപ്പടി കോമൺ ഗ്രൗണ്ട് ഇന്റർനാഷണൽ സ്‌കൂളിലെ ഒന്നാം ക്ലാസുകാരിയുടെ പദ്ധതിക്ക് 'ട്രീ സ്‌കൂൾ നഴ്‌സറി'യെന്നാണ് പേര്.
നടക്കാവ് ഗവ. ഗേൾസ് എച്ച്.എസ്.എസിൽ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്കൊപ്പം തൈ നട്ടുകൊണ്ട് കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് ആറുവയസുകാരി റൂഹി മൊഹ്‌സബ് ഗനി പദ്ധതിക്ക് തുടക്കമിട്ടത്. കോഴിക്കോട്ടും കണ്ണൂരിലുമുള്ള സ്‌കൂളുകളിലായി ഇതിനകം അഞ്ഞൂറിലധികം തൈകൾ നൽകി. മാതാപിതാക്കളായ പറമ്പിൽ ബസാർ ഹൗസ് ഒഫ് മോസമിലെ അബ്ദുൾ ഗനിയും ഡോ. അനീസ മുഹമ്മദുമാണ് അതിന്റെ ചെലവ് വഹിച്ചത്.
കോഴിക്കോട് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്. സന്നദ്ധ സംഘനടകളുടെയും പരിസ്ഥിതി സ്‌നേഹികളുടെയും വിദ്യാഭ്യാസ അധികൃതരുടെയും സഹകരണത്തോടെ സൗജന്യമായി തൈകൾ സമ്പാദിച്ച് സ്‌കൂളുകളിൽ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണിപ്പോൾ. മാതാപിതാക്കളാണ് റൂഹിയുടെ പരിസ്ഥിതി സ്‌നേഹത്തിന് പ്രചോദനമായത്. നന്നേ ചെറുപ്പത്തിലേ മരങ്ങളെയും ചെടികളെയും സ്‌നേഹിക്കാനും പ്‌ളാസ്റ്റിക് ഉപേക്ഷിക്കാനും പറഞ്ഞുകൊടുത്തു.
ചൂരൽമലയിലും എത്തി
ഉരുൾ പൊട്ടലുണ്ടായ വയനാട് ചൂരൽമലയിൽ ആൽ, നീർമരുത്, താന്നി തുടങ്ങി നൂറിലധികം തൈകൾ നട്ടുപിടിപ്പിച്ച് റൂഹി ശ്രദ്ധ നേടിയിരുന്നു. പ്രകൃതി സംരക്ഷണ സന്ദേശം പകരാൻ പാസ്‌പോർട്ടുകൾ റീസൈക്കിൾഡ് കടലാസുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഇന്ത്യൻ പ്രധാനമന്ത്രിയുൾപ്പെടെ 195 രാഷ്ട്രത്തലവന്മാർക്ക് സ്വന്തം കൈപ്പടയിലെഴുതി കത്തയച്ചു.