തിരുവനന്തപുരത്ത് നിന്ന് ഹൃദയവുമായി കൊച്ചിയിലേക്ക്; ആറുപേർക്ക് പുതുജീവൻ

Thursday 11 September 2025 12:30 PM IST

തിരുവനന്തപുരം: 33കാരന്റെ ഹൃദയവുമായി തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസ് കൊച്ചിയിലേക്ക് പുറപ്പെട്ടു. കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് കൊച്ചിയിലേക്ക് കൊണ്ടുപോയത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിനാണ് (28) ഹൃദയം മാറ്റിവയ്ക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് ആംബുലൻസ് മാര്‍ഗമാണ് ഹൃദയം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.

കഴിഞ്ഞ ഏഴാം തീയതിയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ കിംസ് ആശുപത്രിയിലെത്തിച്ചത്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അത് സാദ്ധ്യമാകാതെവന്നതോടെയാണ് ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്. ഇന്നലെ രാത്രിയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ഐസക്കിന്റെ ഹൃദയം, വൃക്കകൾ, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മാറ്റുക.