'പാരസെറ്റമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക, വ്യാജന്മാരെ ഒഴിവാക്കുക'; രാഹുലിനെ ട്രോളി മന്ത്രി
താൻ കടന്നുപോകുന്നത് കടുത്ത മാനസിക സംഘർഷത്തിലാണെന്നും ഉറങ്ങാനായി പാരസെറ്റമോളും സിട്രിസിനും കഴിച്ചിട്ടാണ് കിടക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സംസാരിക്കുന്നതിന്റെ ശബ്ദരേഖ രാഹുൽ ഈശ്വർ നേരത്തെ പുറത്തുവിട്ടിരുന്നു. 'ഉറങ്ങാനായിട്ട് രാത്രിയിൽ പാരസെറ്റമോളും സിട്രിസിനും കഴിച്ചിട്ട് കിടക്കും. അഞ്ചുമണി ആറ് മണിയാകുമ്പോഴാണ് ഉറങ്ങുന്നത്. ഏഴെട്ട് മണിയാകുമ്പോൾ എഴുന്നേൽക്കും. രണ്ടുമണിക്കൂറൊക്കെയാണ് ഉറങ്ങുന്നത്.'- എന്നൊക്കെയായിരുന്നു ശബ്ദരേഖയിൽ രാഹുൽ പറയുന്നത്.
രാഹുലിന്റെ വാക്കുകളെ പരോക്ഷമായി ട്രോളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. "പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്..പാരസെറ്റമോളും സിട്രിസിനുമെല്ലാം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുക. വ്യാജന്മാരെ ഒഴിവാക്കുക."- എന്നാണ് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും ഇതിന് വരുന്നുണ്ട്. 'സഹതാപം സൃഷ്ടിക്കാൻ പാകത്തിൽ ഇന്നൊരു വോയ്‌സ് ക്ലിപ്പ് ഇറങ്ങിയത് യാദൃശ്ചികമല്ല. എന്തായാലും ഇന്നൊരു അഞ്ചു പരാസെറ്റമോളും രണ്ടു സിട്രിസിനും അധികം കഴിച്ചേക്ക്!', 'ഹെന്റമ്മോ ... ബല്ലാത്തൊരു ആരോഗ്യ മുന്നറിയിപ്പ്'- എന്നിങ്ങനെ പോകുന്നു കമന്റുകൾ.
ബിജെപി നേതാവ് പത്മജാ വേണുഗോപാലും രാഹുലിനെ പരോക്ഷമായി ട്രോളിക്കൊണ്ട് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. 'പൊതുജന താൽപ്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്, 'വ്യാജ'പ്രചരണങ്ങളിൽ വഞ്ചിതരാകരുത്. പാരസെറ്റമോളിന്റെ ഉപയോഗങ്ങൾ- കടുത്ത പനി, തലവേദന, പല്ലുവേദന, നടുവ് വേദന. ശ്രദ്ധിക്കുക, ഒന്നിലധികം ഗുളിക ഉപയോഗിക്കാൻ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.'- എന്നാണ് പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.